'ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ വീട്' സ്വപ്നവീടിന്റെ പ്രേക്ഷകർക്ക് ഓർമയുണ്ടാകും. കട്ടപ്പന വള്ളക്കടവിലുള്ള ആ വീടിന്റെ അയൽക്കാരനാണ് ഈ വീട്.
ഏലത്തോട്ടത്തിന് നടുവിൽ 40 വർഷത്തിന് മുകളിൽ പഴക്കമുള്ള ഒറ്റനില വീടായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. കാലപ്പഴക്കത്തിന്റെ ക്ഷീണതകൾ മൂലം അസൗകര്യങ്ങൾ ഏറെയുണ്ടായിരുന്നു. എന്നാൽ വൈകാരിക ബന്ധം മൂലം വീട് പൊളിച്ചുകളയാൻ വീട്ടുകാർക്ക് മനസ്സുണ്ടായില്ല. അങ്ങനെയാണ് വീട് പുതുക്കിപ്പണിയാമെന്ന തീരുമാനത്തിലെത്തിയത്.
ചോർച്ചയുള്ള കോൺക്രീറ്റ് മേൽക്കൂര, ഇടുങ്ങിയ അകത്തളങ്ങൾ, വെളിച്ചക്കുറവ് എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് വെല്ലുവിളിയായിരുന്നു.
ഔട്ട്ഡേറ്റഡ് ആയ പുറംകാഴ്ച അപ്‌ഡേറ്റ് ചെയ്യണം എന്നതിനാദ്യം മുൻഗണന നൽകി. പ്രദേശത്തിന്റെ കാലാവസ്ഥയ്ക്ക് ചേരുംവിധം ട്രോപ്പിക്കൽ ഘടകങ്ങൾ മുൻനിർത്തി മോഡേൺ ഘടകങ്ങൾ എലിവേഷനിൽ ഉൾപ്പെടുത്തി പരിഷ്കരിച്ചപ്പോൾ വീടിന് പുതുയൗവനം കൈവന്നു.
മുകളിലേക്ക് വിപുലീകരിച്ചപ്പോൾ മേൽക്കൂര ട്രസ് ചെയ്ത് ഓടുവിരിച്ചു. പതിവിലും ചെരിവ് നൽകി താഴേക്ക് ഊർന്നിറങ്ങുംവിധമുള്ള സ്ലോപ് റൂഫാണ് എലിവേഷനിലെ കൗതുകം.
ചുറ്റുമുള്ള പച്ചപ്പും മലനിരകളും കോടമഞ്ഞുമൊക്കെ ആസ്വദിക്കാൻ പാകത്തിൽ നീളൻ സിറ്റൗട്ടും മുകളിൽ നീളൻ ബാൽക്കണിയും നൽകി.
സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, ഹോം തിയറ്റർ എന്നിവയാണ് നവീകരിച്ച വീട്ടിലെ ഇടങ്ങൾ. 4800 ചതുരശ്രയടിയാണ് വിസ്തീർണം.
പഴയ സ്‌ട്രക്‌ചർ പ്രമാണിച്ച് AAC ബ്ലോക്കുകൾ ഉപയോഗിച്ചാണ് മുകളിലേക്ക് ഇടങ്ങൾ വിപുലമാക്കിയത്. ഭാരം കുറവും ഭാരം വഹിക്കാനുള്ള കഴിവ് കൂടുതലായതിനാലുമാണ് ഈ തിരഞ്ഞെടുപ്പ്.
വീടിനകത്തിരുന്നാലും പുറത്തെ പച്ചപ്പിന്റെ കാഴ്ചകൾ ആസ്വദിക്കാൻ പാകത്തിൽ ഗ്ലാസ് ജാലകങ്ങൾ ധാരാളം നൽകി. പഴയ വീടിന്റെ ഓർമകൾ നിലനിർത്തി വീട് നവീകരിച്ചതിൽ വീട്ടുകാരും ഹാപ്പി.