കോട്ടയം ഏറ്റുമാനൂരിലാണ് സുബിൻ-ശാലു ദമ്പതികളുടെ വീട്. പരമ്പരാഗത തനിമയും പുതിയകാല സൗകര്യങ്ങളും ഒത്തുചേരുകയാണിവിടെ.
പലതട്ടുകളായി കിടന്ന പ്ലോട്ട് നിരപ്പാക്കിയശേഷമാണ് വീടുപണി തുടങ്ങിയത്. കിഴക്ക് ദർശനമായി വീട് വിഭാവനം ചെയ്തു. അടിസ്ഥാന വാസ്തുപ്രമാണങ്ങളും കണക്കിലെടുത്തു. വീടിന്റെ പരമ്പരാഗത ഭംഗിയെ ബാധിക്കാതിരിക്കാൻ കാർപോർച്ച് മാറ്റിസ്ഥാപിച്ചു.
പലതട്ടുകളായി ചരിഞ്ഞ ഓടുവിരിച്ച മേൽക്കൂരയാണ് പുറംകാഴ്ചയിലെ സൗന്ദര്യം. വരാന്ത ട്രസ് ചെയ്ത് ഓടുവിരിച്ചപ്പോൾ ബാക്കിയിടങ്ങൾ വാർത്തശേഷം ട്രസ് ചെയ്ത് ഓടുവിരിച്ചു. സമീപം കുടുംബവീടുകളുണ്ട്. അവരുമായി എളുപ്പം സംവദിക്കാനാകുംവിധമാണ് ഇടങ്ങൾ ഒരുക്കിയത്.
പോർച്ച്, വരാന്ത, സ്വീകരണമുറി, ഊണുമുറി, നടുമുറ്റം, അടുക്കള, വർക്കേരിയ, മൂന്ന് കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് 2750ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. ജനലുകൾ, വാതിലുകൾ, ഫർണിച്ചറുകൾ എല്ലാം തടിയുടെ പ്രൗഢിയിലാണ് ഒരുക്കിയത്. വീടിന്റെ പരമ്പരാഗതതീമിനോട് ഇത് ചേർന്നുപോകുന്നു.
L ആകൃതിയിലുള്ള വിശാലമായ സിറ്റൗട്ട് ഞങ്ങളുടെ ഒത്തുചേരലിടമാണ്. ഒരുനില വീടായതിനാൽ തുറന്ന നയത്തിൽ അകത്തളങ്ങൾ ചിട്ടപ്പെടുത്തി. അകത്തേക്ക് കയറിയാൽ നല്ല വിശാലത അനുഭവപ്പെടുന്നു. ഇടങ്ങൾ പരസ്പരം വിനിമയം ചെയ്യുന്നു, എന്നാൽ സ്വകാര്യത വേണ്ടയിടങ്ങളിൽ അതുമുണ്ട്. ചുറ്റുമുള്ള പച്ചപ്പ് വീടിനുള്ളിൽ ഇരുന്നുകൊണ്ട് ആസ്വദിക്കാം. ഉദാഹരണത്തിന് സ്വീകരണമുറിയിലൊരു ബേവിൻഡോയുണ്ട്. ഇവിടെയിരുന്നാൽ പുറത്തെ കാഴ്ചകൾ ഉള്ളിലേക്ക് വിരുന്നെത്തും.
സ്വാഭാവിക പ്രകാശം ഉള്ളിലെത്താനും ചൂടുവായു പുറത്തേക്ക് പോകാനും നിരവധി തുറസ്സുകൾ വീട്ടിലുണ്ട്. മൂന്ന് കോർട്യാർഡുകൾ വീട്ടിലുണ്ട്. അതിനാൽ ഉച്ചസമയത്തും സുഖകരമായ കാലാവസ്ഥ നിലനിൽക്കുന്നു.
അകത്തളത്തിലെ ശ്രദ്ധാകേന്ദ്രങ്ങളിലൊന്ന് ഡബിൾഹൈറ്റിലുള്ള ഊണുമുറിയാണ്. ഡബിൾഹൈറ്റ് ഭിത്തിയിൽ ജാളികളുണ്ട്. ഇത് വെന്റിലേഷന് ഉപകരിക്കുന്നു.
ഊണുമുറിയോടുചേർന്ന് പച്ചപ്പിന്റെ ചെറുതുരുത്തുപോലെ കോർട്യാർഡ് ഒരുക്കി. മഴയും വെയിലും അവശ്യാനുസരണം ഉള്ളിലെത്തുംവിധം നിയന്ത്രിക്കാവുന്ന മേൽക്കൂരയാണിവിടെ. ഇവിടെത്തന്നെ വാഷ് ഏരിയയും വേർതിരിച്ചു. അങ്ങനെ വീട്ടുകാർ ആഗ്രഹിച്ച പോലെ കേരളത്തനിമയും പുതിയകാല സൗകര്യങ്ങളും സമ്മേളിക്കുന്ന വീട് സഫലമായി.