മധുരരാജ കണ്ടവരാരും മറക്കാനിടയില്ലാത്ത ഭീകര രംഗങ്ങളാണ് ഒരുപറ്റം നായ്ക്കൾ സമ്മാനിച്ചിട്ടുണ്ടാവുക. യജമാനന്റെ നിർദേശങ്ങൾ അക്ഷരംപ്രതി അനുസരിക്കുന്ന ഭീകരന്മാരായ നായ്ക്കൾ...
കണ്ടാൽ നമ്മുടെ നാട്ടിലെ നാടൻ നായ്ക്കളാണെന്ന് തോന്നിക്കുമെങ്കിലും ശൗര്യംകൊണ്ടും ബുദ്ധികൊണ്ടും ലോകം കീഴടക്കിയ ഇനങ്ങളിലൊന്നാണ് അവർ–ബെൽജിയൻ മലിന്വ.
കൂർത്ത ചെവിയും ശൗര്യമുള്ള മുഖവും തവിട്ട് നിറവും (കറുത്ത മുഖമുള്ളവരുമുണ്ട്) ബെൽജിയൻ മലിന്വകളുടെ പ്രത്യേകതകളാണ്. ബെൽജിയത്തിലെ ആട്ടിടയന്മാരുടെ നായ്ക്കളായ ഇവർ 18–ാം നൂറ്റാണ്ടിലാണ് ലോകശ്രദ്ധ നേടിയതെങ്കിൽ 19–ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ അമേരിക്കയിലും പ്രചാരത്തിലായി.
ഇന്ന് അമേരിക്കൻ മിലിറ്ററിയുടെ ശ്വാനപ്പടയിൽ പ്രധാനികളാണ് ബെൽജിയൻ മലിന്വകൾ. ഇന്ത്യൻ മിലിറ്ററിയുടെ ശ്വാനപ്പടയിലും കേരള പൊലീസിന്റെ കെ9 സ്വാഡിലും ഇവയുണ്ട്.
നടക്കുമ്പോഴും ഓടുമ്പോഴുമെല്ലാം മാർജാരവംശത്തിലെ ഭീമാകാരന്മാരായ പുലി, കടുവ, സിംഹം മുതലായവയെ അനുസ്മരിപ്പിക്കുംവിധം വഴക്കമുള്ള ശരീരമാണ് ഇക്കൂട്ടർക്കുള്ളത്. ചാടാനും ഓടാനും പെട്ടെന്ന് വെട്ടിത്തിരിയാനും ഉയരത്തിൽ ചാടാനുമെല്ലാം ഒരു അഭ്യാസിയേപ്പോലെ ഇവർക്കാകും.
ഒരു സ്ഥലത്ത് ശ്രദ്ധകേന്ദ്രീകരിച്ചാൽ അതിനെ വിടാതെ പിന്തുടരാനുള്ള കഴിവുണ്ട് ഇവർക്ക്. അതുകൊണ്ടുതന്നെ ലക്ഷ്യമിട്ടതിനെ സ്വന്തമാക്കാനുള്ള പ്രവണത കൂടുതലാണ്. ഈയൊരു ഗുണം ഉള്ളതിനാൽ ട്രെയ്നർമാർക്ക് ഇവരെ പഠിപ്പിക്കാൻ എളുപ്പമാണ്.
എന്തെങ്കിലും തടസം മുന്നിലുണ്ടായാൽ അത് എങ്ങനെ തരണം ചെയ്ത് മുന്നോട്ടുപോകാം എന്ന ചിന്തയുള്ളവരാണ്. അതുപോലെതന്നെ ട്രെയ്നർമാരല്ലാത്ത ഉടമകൾക്ക് ഈ പ്രോബ്ലം സോൾവിങ് പാടവം വലിയ തലവേദനയുമാണ്. കാരണം, ഉടമയെ തന്റെ വരുതിയാക്കി തന്റെ ഇഷ്ടത്തിനൊത്ത് ജീവിക്കാൻ ഇക്കൂട്ടർ ശ്രമിക്കും.
ശബ്ദമോ മറ്റോ കേട്ടാൽ അത് എന്താണെന്ന് അറിയാനുള്ള ജിജ്ഞാസ ഇവർക്ക് കൂടുതലാണ്. അതുകൊണ്ടുതന്നെ ശബ്ദത്തിന്റെ ഉറവിടം അന്വേഷിച്ച് ചെല്ലാനുള്ള ഉറച്ച തീരുമാനം സ്വയമെടുക്കാനുള്ള പാടവമുണ്ട്.
ഉടമയുടെ മനസ് വായിച്ച് അദ്ദേഹത്തിന്റെ ആഗ്രങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനുള്ള കഴിവ്. അനുസരണയോടെ ഇരിക്കാനും ഉടമയെ ആരെങ്കിലും ആക്രമിച്ചാൽ തിരിച്ച് ആക്രമിക്കാനുമെല്ലാം ശ്രദ്ധിക്കും.
ഏതു കാലാവസ്ഥയെയും അതിജീവിക്കാനുള്ള കഴിവും രോഗപ്രതിരോധശേഷിയും ഉള്ളതിനാലാണ് മിലിറ്ററി ഡോഗായി ഇവയെ തിരഞ്ഞെടുക്കാൻ കാരണം.
ശ്വാനപ്രർദർശനങ്ങളിൽ ട്രെയ്നർമാർ മത്സരങ്ങൾക്ക് ഇറക്കുന്ന പ്രധാന ഇനം. ഘ്രാണശക്തി, ആക്രമണം, അനുസരണ എന്നിവ അളക്കുന്ന നായ്ക്കളുടെ ഒളിംപിക്സുകളിൽ ഉപയോഗിക്കുന്ന നായ്ക്കളിൽ 90 ശതമാനവും ഇവയായിരിക്കും. മൂന്നു കഴിവും ഒരേപോലെ ഉപയോഗിക്കാൻ കഴിയുന്നു എന്നതുതന്നെ ഇതിനു കാരണം.
മലിന്വകൾക്ക് മണം കൂടുതൽ നേരം ഓർമിച്ചുവയ്ക്കാനുള്ള ഏകാഗ്രതയുണ്ട്. അതാണ് അവയെ മറ്റു നായ്ക്കളിൽനിന്ന് വ്യത്യസ്തമാക്കുന്നത്. ഡോബർമാനും സമാന തോതിലുള്ള ഘ്രാണശക്തിയുണ്ടെങ്കിലും ഏകാഗ്രത കുറവാണ്.