മാങ്ങയും നാരങ്ങയുമൊക്കെ അച്ചാറിട്ടു സൂക്ഷിക്കുംപോലെ ക്ഷാമകാലത്ത് ഉപയോഗിക്കാൻ പച്ചപ്പുല്ലും പൈനാപ്പിൾ ഇലയുമൊക്കെ സൈലേജ് ആക്കാം.
പച്ചപ്പുല്ലോ പൈനാപ്പിൾ ഇലയോ സുലഭമായ കാലങ്ങളിൽ അവ പരമാവധി സംഭരിച്ച് പിൽക്കാലത്തു പ്രയോജനപ്പെടുത്താമെന്നതു പ്രഥമ നേട്ടം.
100ലീറ്റർ ശേഷിയുള്ള പ്ലാസ്റ്റിക് ഡ്രം ആണ് സൈലേജ് നിറയ്ക്കാന്‍ ഉപയോഗിക്കുന്നത്.
തീറ്റപ്പുല്ലും പൈനാപ്പിൾ ഇലയും പോലുള്ളവ സൈലേജിനായി ഉപയോഗിക്കാം. അവ നന്നായി നുറുക്കിയെടുക്കണം.
അരിഞ്ഞെടുത്തത് ഒരു കുട്ട ആദ്യ പാളിയായി ഡ്രമ്മിലിടുക. മുകളിൽ ഒരു പിടി ചോളമാവ് എല്ലായിടത്തുമായി വിതറുക. പിന്നാലെ എല്ലായിടത്തുമായി ശർക്കര കലക്കിയ വെള്ളവും തളിച്ച് ഒഴിക്കുക, തുടർന്ന് കല്ലുപ്പു വിതറുക.
മിശ്രിതം ഇടിമുട്ടി കൊണ്ടോ കാലുകൊണ്ടോ നന്നായി ചവിട്ടി ഒതുക്കുക.
വീണ്ടും ഒരു കുട്ട പുല്ലിട്ട് മേൽപറഞ്ഞ രീതിയിൽ മറ്റിനങ്ങളുമിട്ട് ഇടിച്ചൊതുക്കി, ഓരോ പാളികളിലും ഇത് ആവർത്തിച്ച് ഡ്രം നിറയ്ക്കുക.
നിറഞ്ഞ ഡ്രം വീണ്ടും നന്നായി ഇടിച്ചൊതുക്കിയ ശേഷം അടച്ച് ലോക്ക് ചെയ്യുക. 30 ദിവസം കഴിഞ്ഞു തുറന്നാൽ സൈലേജ് തയാർ.