പ്രകൃതിയെയും കൃഷിയെയും ആസ്വദിക്കാം,

6f87i6nmgm2g1c2j55tsc9m434-list 5o6ijc4o8rtsr29jdgm5aai51a-list p3837r7naqmv6rl5i2v6amlsm

അവധിക്കാലമാണ്. ‘‘എവിടെ പോകണം ?’’ എന്ന ചർച്ചയാണ് നാട്ടിലും വീട്ടിലും. റൈഡുകളിൽ തലകുത്തി മറിയുന്നതിനും വെള്ളത്തിൽ തിമിർക്കുന്നതിനും അപ്പുറം അർഥപൂർണമായും ശാന്തസുന്ദരമായും ഒരു അവധി ദിനം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് മാംഗോ മെഡോസിലേക്കു സ്വാഗതം.

ലോകത്താദ്യമായി കൃഷി പ്രമേയമാക്കിയ ഉല്ലാസകേന്ദ്രമാണിത്. ഉടമയും സംവിധായകനുമായ എൻ.കെ.കുര്യൻ നാനാദിക്കുകളിൽനിന്നു കൊണ്ടുവന്നു നട്ടുവളർത്തിയ സസ്യജാലമാണ് ഹൈലൈറ്റ്.

വിനോദത്തിനൊപ്പം പ്രകൃതിയെയും കൃഷിയെയും അടുത്തറിയാനും ആസ്വദിക്കാനുമുള്ള അപൂര്‍വ വേദിയാണിത്. ഉല്ലാസത്തിനൊപ്പം അറിവും പകരുന്ന ഇൻഫോടെയിൻമെന്റാണ് മാംഗോ മെഡോസ് എന്നു കുര്യൻ

ആദിമനുഷ്യനായ ആദത്തിന്റെയും ജീവിതപങ്കാളിയായ ഹൗവയുടെയും പ്രതിമകളുള്ള ഏദൻ തോട്ടം വിദേശ ഇനങ്ങൾ ഉൾപ്പെടെ ഫലവർഗങ്ങളുടെ അപൂര്‍വശേഖരമാണ്.

ഓരോന്നിന്റെയും ശാസ്ത്രനാമവും ഉപയോഗവും അവയ്ക്കു പിന്നിലെ കഥകളുമൊക്കെ ഗൈഡ് പറഞ്ഞു തരും.

പാഴ്മരമെന്നു നാം വിളിക്കുന്ന മരങ്ങൾക്കും ഉപയോഗമുണ്ടെന്നതിന് ഇവിടെ ഉദാഹരണങ്ങളേറെ.

ബുദ്ധസന്യാസിമാർ ഭിക്ഷാപാത്രമായി ഉപയോഗിച്ചിരുന്ന കാലാബാഷ്, തോലെടുത്തു വസ്ത്രമാക്കിയ മരവുരി, വസ്ത്രം അലക്കാൻ ഉപയോഗിച്ചിരുന്ന സോപ്പിൻകായ... എന്നിവയെല്ലാം പരിചയപ്പെടാം.

ഔഷധച്ചെടികളും കാർഷികവിളകളും മരങ്ങളും നിറഞ്ഞ പുരയിടങ്ങൾ കഴിഞ്ഞ നൂറ്റാണ്ടിൽ കേരളത്തിന്റെ ഐശ്വര്യമായിരുന്നു. തെങ്ങും ജാതിയും കൊക്കോയും വിവിധ ഇനം വാഴയും പ്ലാവും മാവും മുരിക്കും മുരിങ്ങയുമൊക്കെ നിറഞ്ഞ പുരയിടം മക്കളെ പരിചയപ്പെടുത്താൻ ആഗ്രഹിക്കുന്നവര്‍ക്കു മാംഗോ മെഡോസിലേക്കു വരാം.

കുറുന്തോട്ടിയും ദശപുഷ്പവും വഴനയിലയും ചൂണ്ടപ്പനയുമൊക്കെ എന്താണെന്നും എന്തിനായിരുന്നുവെന്നുമൊക്കെ വിശദീകരിച്ച് ഒരു ദിവസം മുഴുവന്‍ ചുറ്റിനടക്കാം.

നാടൻവിളകളും വൃക്ഷങ്ങളും മാത്രമല്ല, അവയോടു ചേർന്നുണ്ടായ കഥകളും ആചാരങ്ങളും ഉൾപ്പെടുന്ന കാർഷിക സംസ്കാരവും അടുത്തറിയാം.

ചികിരി പിരിച്ചു കയറുണ്ടാക്കുന്ന സ്ത്രീകളുടെയും കളിമൺപാത്രങ്ങളുണ്ടാക്കുന്ന കലാകാരന്റെയും കരവിരുത് ലൈവ് ആയി കാണാനും അവസരമുണ്ട്.

സാധാരണ തീം പാർക്കുകളെ അപേക്ഷിച്ച് വയോജനങ്ങൾക്കും സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കുമൊക്കെ ഏറ്റവും യോജിച്ച ഉല്ലാസകേന്ദ്രമാണിതെന്നു കുര്യൻ ചൂണ്ടിക്കാട്ടുന്നു. ജീവിത സായാഹ്നത്തിൽ ഒറ്റപ്പെട്ടുപോയ മുതിർന്ന പൗരന്മാർ വീണ്ടും വീണ്ടും ഇവിടെയെത്തുന്നു. ഓർമകൾ അയവിറക്കി പകൽ മുഴുവൻ പാർക്കിലൂടെ നടക്കുകയും മരച്ചുവട്ടിൽ കിടന്നു വിശ്രമിക്കുന്നതുമൊക്കെയാണ് അവരുടെ സന്തോഷം.

ഒട്ടേറെ റിട്ടയർമെന്റ് ഹോമുകളിലെ അന്തേവാസികൾക്കിപ്പോള്‍ മാംഗോ മെഡോസാണ് ഇഷ്ട ഡെസ്റ്റിനേഷൻ.