പ്രായം 60 കഴിയുമ്പോൾ തന്നെ ഇനിയൊന്നും ചെയ്യാനില്ല എന്ന ചിന്തയാൽ വീട്ടിൽ മാത്രം ഒതുങ്ങിക്കൂടുന്നവർക്കു സാധ്യതകളുടെ ലോകമിനിയും മുന്നിലുണ്ടെന്ന് കാണിച്ചു കൊടുക്കുകയാണ് 63കാരിയായ ശുഭ ഭട്നാഗർ
പുതിയ കാര്യങ്ങൾ പഠിക്കുന്നതിന് പ്രായപരിധി തടസ്സമല്ല എന്ന് ഉത്തർപ്രദേശിലെ മെയിൻപൂർ സ്വദേശിനി തെളിയിക്കുന്നു.
സംരംഭ താൽപര്യം വീട്ടിലറിയച്ചപ്പോൾ ആദ്യം എല്ലാവർക്കും ഞെട്ടലായിരുന്നു. പക്ഷേ സ്വപനത്തിനു ചിറകുകളായി കുടുംബം കൂടെ നിന്നതോടെ ശുഭാവ്നി പിറന്നു.
മകന്റെ മകളുടെ പേരായ ഭൂമി എന്നർഥമുള്ള ‘അവ്നി’ ‘ശുഭ ’യോടു ചേർത്ത് ‘ശുഭാവ്നി’ എന്ന സ്ഥാപനം പിറന്നു.
ഗ്രാമീണ സ്ത്രീകളുടെ ഉന്നമനത്തിനായി എന്തെങ്കിലും ചെയ്യണമെന്നത് താൽപര്യമുണ്ടായിരുന്നു. ഗ്രാമത്തിലെ സ്ത്രീകളിൽ പലർക്കും സ്വന്തമായി പണമില്ലാത്തതിനാൽ അവരുടെ കുട്ടികൾക്കു വിദ്യാഭ്യാസം നൽകാൻ കഴിയുന്നില്ല.
വീട്ടിലെ സാമ്പത്തികാവസ്ഥ മോശമായതിനാൽ കുട്ടികൾക്ക് ചെറുപ്രായത്തിൽ തന്നെ പണിക്കു പോകേണ്ടി വരുന്നു. കുട്ടികൾ ബാലവേല ചെയ്യുന്നതു ഹിന്ദി സാഹിത്യത്തിൽ ബിരുദാനന്തര ബിരുദധാരിയുടെ മനസിനെ വേദനപ്പിച്ചിരുന്നു.
അതുകൊണ്ടു തന്നെ സംരംഭം എന്ന ആശയം മനസിൽ മുളപൊട്ടിയപ്പോൾ അത് തനിക്കു ചുറ്റുമുള്ള സ്ത്രീകൾക്കും അതുവഴി അവരുടെ ജീവിത നിലവാരമുയർത്തുന്ന രീതിയിലായിരിക്കണം എന്ന് തീരുമാനിച്ചു.
ആദ്യം നോക്കിയത് കൂൺകൃഷിയായിരുന്നു. വെറേയും രണ്ടുമൂന്ന് വിളകൾ കൃഷി ചെയ്യാം എന്നു ചിന്തിച്ചെങ്കിലും തിരഞ്ഞെടുത്തത് കുങ്കുമപ്പൂവായിരുന്നു. ഇതിനു കാരണം ‘റെഡ് ഗോൾഡ്’ എന്ന കുങ്കുമപ്പൂവിന്റെ വർധിച്ച ആവശ്യകതയും ഉൽപാദനക്കുറവുമാണ്.
ഒട്ടും എളുപ്പമായിരുന്നില്ല ഈ തിരഞ്ഞെടുപ്പ്. കൃത്യമായ വിവരങ്ങളുടെ അഭാവമായിരുന്നു വലച്ചത്. കാരണം അത് അനായാസം ലഭ്യമാകുന്ന ഒന്നായിരുന്നില്ല.
കുങ്കപ്പൂ കൃഷി കർഷകരിൽനിന്ന് നേരിട്ട് മനസിലാക്കണം എന്ന് തീരുമാനിച്ചു. നേരെ പോയത് കാശ്മീരിലേക്ക്. എന്തു ചെയ്യണം, എന്ത് ചെയ്യേണ്ട എന്നൊക്കെ മനസിലാക്കി. 25-30 കർഷകരെ കണ്ടു സംസാരിച്ചു. അവരൊടോപ്പെം നിന്ന് കൃഷി രീതികൾ പഠിച്ചു. അവിടെനിന്നു തന്നെ കൃഷിക്കാവശ്യമായ വിത്തുകളും ശേഖരിച്ചു.
കുങ്കുമച്ചെടിക്കു വളരാൻ അനുയോജ്യമായ കാലാവസ്ഥയാണ് കാശ്മീരിലേത്. അത് ഉത്തർപ്രദേശിൽ പുനഃസൃഷ്ടിക്കുകയെന്നതായിരുന്നു എറ്റവും വലിയ വെല്ലുവിളി.
മാസങ്ങൾ നീണ്ട പഠനങ്ങൾക്കു ശേഷമാണ് കൃത്യമായ ഒരു കൃഷിരീതി ആവിഷ്കരിച്ചത്. എയ്റോപോണിക്സ് വഴി എങ്ങനെ ഇവയെ മുറിക്കകത്ത് വളർത്താം എന്നതിനെക്കുറിച്ച് പഠിച്ചു. താപീയ-പ്രകാശ സ്വാധീനത്തെക്കുറിച്ച് പഠിക്കാൻ കഴിഞ്ഞ 10 വർഷം കാശ്മീരിൽ നടന്ന വിളപ്പെടുകളുടെ വിവരശേഖരണം നടത്തി.
നനവ്, ആർദ്രത എന്നിയൊന്നും കോൾഡ് സ്റ്റോറേജ് മുറിയില്ലില്ല. വിത്തുകൾ വളരാനാവശ്യമായ താപീയ ക്രമീകരണം പ്രയാസമേറിയ കാര്യമായിരുന്നു. അതിനാൽ റാക്കുകളിൽ വ്യത്യസ്ത രീതിയിൽ താപം, വെളിച്ചം എന്നിവ ക്രമീകരിച്ചു.
ഇതിൽനിന്ന് വിത്ത് മുളയ്ക്കുന്നതിന് അനുയോജ്യമായ താപവും വെളിച്ചവും കണ്ടെത്തി. കീടനാശിനി പ്രയോഗമില്ലാതെ ജൈവികമായാണ് കൃഷി. എയ്റോപോണിക്സ് രീതിയിലായതിനാൽ വെള്ളത്തിന്റെ ആവശ്യമില്ലായിരുന്നു. കൂടാതെ കൃഷിയിറക്കാൻ നിലത്തിന്റെ ആവശ്യവുമില്ല. അതിനാൽ മണ്ണ്, ജലം എന്നിവ ലാഭിക്കാൻ കഴിഞ്ഞു എന്ന് ശുഭ അവകാശപ്പെടുന്നു.
ബാംഗ്ലൂരിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ മകൻ അങ്കിതും ഭാര്യ മഞ്ജരിയുമാണ് അമ്മയുടെ ആഗ്രഹം യഥ്യാർഥ്യമാക്കാൻ സഹായിച്ചത്. മഞ്ജരിയും എൻജിനീയറാണ്.
ഈ കൃഷിയിൽ പ്രയോഗിക്കേണ്ട സാങ്കേതികവിദ്യയും മറ്റു കാര്യങ്ങളെക്കുറിച്ചുമൊക്കെ ഇവർ മനസിലാക്കി. ‘വർക്ക് ഫ്രം ഹോം’ ഉപയോഗപ്പെടുത്തി ജോലി ചെയ്യുന്ന മകൻ അമ്മയുടെ കൃഷിയുടെ കാര്യങ്ങളിൽ സഹായിക്കുന്നു.
സാങ്കേതികവിദ്യയുടെ സഹായത്താലുള്ള കൃഷി എന്നാൽ ഇന്റർനെറ്റ് ഓഫ് തിങ്സ് എന്ന സാധ്യതയുടെ സഹായത്താലാണ് മികവുറ്റ രീതിയിൽ ഇവർ കൃഷി ചെയ്തിരിക്കുന്നത്.
എന്തുകൊണ്ട് എയ്റോപോണിക്സ് കുങ്കുമക്കൃഷിക്ക് ഏറ്റവും അനുയോജ്യം എയ്റോപോണിക്സാണ് എന്നാണ് അങ്കിത് പറയുന്നത്. ജലം, മണ്ണ് എന്നിവയിലൂടെ വിളകളെ ബാധിക്കുന്ന രോഗങ്ങൾ പകരുന്നത് തടയാനും ഇതുവഴി കഴിഞ്ഞു.
25 ഗ്രാമീണ സ്ത്രീകൾക്ക് ഉപജീവനത്തിനുള്ള മാർഗം തെളിയിച്ച ശുഭവയ്ക്ക് സത്രീകളോട് പറയാനുള്ളത് സ്വയം വിലകുറച്ച് കാണരുതെന്നാണ്.
മാന്യമായ വേതനവും തൊഴിൽ സാഹചര്യവും ഗ്രാമീണ വനിതകൾക്ക് നൽകാൻ കഴിഞ്ഞു. ഇന്ന് അവരുടെ മുഖത്തെ പുഞ്ചിരി കാണുമ്പോൾ തന്റെ ദൗത്യം നിറവേറിയ സന്തോഷമാണ് ശുഭയ്ക്ക്.
സാമ്പത്തികമായി ശക്തരാകുന്നതിലൂടെ സ്വയം പര്യാപ്തത കൈവരിക്കാൻ സ്ത്രികൾക്കു കഴിയും. സ്വയം പര്യാപ്തയായ സ്ത്രീ തന്റെ കുട്ടികൾക്കും ഒരു മാതൃകയാണ് എന്ന് അടിവരയിട്ടു പറയുകയാണ് വീട്ടമ്മയിൽ നിന്ന് സംരഭകയായി മാറിയ ശുഭ.