അമിതമായ ചൂട്, ഈർപ്പം, സൂര്യപ്രകാശം എന്നിവ കാരണം വേനൽക്കാലം നിങ്ങളുടെ ചർമത്തിന് ശരിക്കും കഠിനമായിരിക്കും.
ഒരളവിൽ സൂര്യപ്രകാശം ചർമത്തിന് ആവശ്യമാണെങ്കിലും അവ അധികമായാൽ ചർമത്തെ ദോഷകരമായി ബാധിക്കുകയും ചർമത്തിൽ പൊള്ളൽ, ടാനിങ്, അലർജികൾ, തിണർപ്പ് എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും.
നിങ്ങളുടെ ചർമത്തിന്റെ ആരോഗ്യവും തിളക്കവും നിലനിർത്തുന്ന ഒരു നല്ല ചർമസംരക്ഷണ ദിനചര്യ ഉൾപ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ്. എന്നാൽ പലരും ഇവ ചെയ്യുമ്പോൾ ഒത്തിരി തെറ്റുകൾ വരുത്താറുണ്ട്. അവ എന്തൊക്കെയാണെന്ന് നമുക്കൊന്ന് നോക്കാം.
പുറത്തുപോകുന്നവരുടെ ചർമത്തിൽ ധാരാളം വിയർപ്പ് ശേഖരിക്കപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ ദിവസവും ചർമം വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും.
നിങ്ങളുടെ ചർമം എണ്ണമയമുള്ളതോ വരണ്ടതോ സെൻസിറ്റീവായതോ ആവട്ടെ അനുയോജ്യമായ ഒരു ക്ലെൻസർ ഉപയോഗിച്ച് ദിവസത്തിൽ ഒന്നിലധികം തവണ ചർമം കഴുകുന്നത് അത്യാവശ്യമാണ്.
മുഖക്കുരുവിനെതിരെ പോരാടാനും ചർമത്തിലെ അധിക എണ്ണയും അഴുക്കും ഇല്ലാതാക്കാനും ഇത് സഹായിക്കും. കൂടാതെ, ചർമത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുകയും മോയ്സ്ചറൈസറുകളും മറ്റ് ചർമസംരക്ഷണ ഉൽപന്നങ്ങളും നന്നായി ആഗിരണം ചെയ്യാൻ ചർമത്തെ പ്രാപ്തമാക്കുകയും ചെയ്യുന്നു.
സൺക്രീൻ ഇടാതെ പുറത്തിറങ്ങുന്നത് ഒരിക്കലും ശരിയല്ല. അകാല വാർധക്യവും അർബുദവും ഉൾപ്പെടെ നിങ്ങളുടെ ചർമത്തിന് അൾട്രാവയലറ്റ് വികിരണം വലിയ പ്രശ്നങ്ങൾ ഉണ്ടാക്കും. ഒരു നല്ല സൺസ്ക്രീൻ ചർമ സംരക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ പ്രധാനമാണ്
ലോകമെമ്പാടുമുള്ള നിരവധി ആളുകളുടെ ചർമസംരക്ഷണ ദിനചര്യയിൽ കാണപ്പെടുന്ന മറ്റൊരു തെറ്റ് അതിലെ മോയ്സ്ചറൈസേഷന്റെ അഭാവമാണ്. ചർമസംരക്ഷണ ദിനചര്യയുടെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിലൊന്നാണ് മോയ്സ്ചറൈസേഷൻ.
മോയ്സ്ചറൈസേഷൻ ചർമത്തെ ഈർപ്പമുള്ളതാക്കുകയും ബാഹ്യ ഘടകങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
മോയ്സ്ചറൈസേഷന്റെ അഭാവം വരൾച്ച, ചുളിവുകൾ, അകാല വാർധക്യം തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. അതിനാൽ, നിങ്ങളുടെ മുഖം ശരിയായി വൃത്തിയാക്കിയതിന് ശേഷം ചർമത്തിന് അനുയോജ്യമായ മോയ്സ്ചറൈസർ പുരട്ടുന്നത് നല്ലതാണ്,
ചർമസംരക്ഷണം ഒരു സമഗ്രമായ പ്രക്രിയയാണ്, അത് മുഴുവൻ ശരീരത്തിനും നൽകേണ്ടത് പ്രാധാനമാണ്. അതിനാൽ, നിങ്ങളുടെ ശരീരം മുഴുവൻ ശരിയായി കഴുകുകയും ചർമത്തെ ഈർപ്പമുള്ളതാക്കുകയും സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന ഭാഗങ്ങളിൽ സൺസ്‌ക്രീൻ പുരട്ടുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്.