ഇഷ്ടഭക്ഷണവും ഫിറ്റ്നസും ഒന്നിച്ചു കൊണ്ടു പോകുന്നത് അത്ര എളുപ്പമല്ല. സൗന്ദര്യവും ആരോഗ്യവും നിലനിർത്താൻ പുറത്തുനിന്നുള്ള ഭക്ഷണം പാടെ ഒഴിവാക്കുന്നത് ബുദ്ധിമുട്ടായി കരുതുന്നവരുമുണ്ട്. എന്നാൽ ആരോഗ്യത്തിലേയ്ക്കുള്ള യാത്ര കുറച്ചുകൂടി എളുപ്പമാണെന്ന് വിശദീകരിക്കുകയാണ് ബോളിവുഡ് താരസുന്ദരി കരീന കപൂർ.
വെജിറ്റേറിയൻ ഭക്ഷണ ശൈലി ഏറെ ഇഷ്ടപ്പെടുന്നുവെന്നും തന്റെ ആകാരവും മുഖവുമെല്ലാം മാറ്റിമറിച്ചത് ഈ ഭക്ഷണ ശൈലിയാണെന്നും കരീന പറയുന്നു.
ന്യൂട്രീഷനിസ്റ്റായ റുജുത ദിവേക്കറിന്റെ 'ദി കോമൺസെൻസ് ഡയറ്റ്' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുമ്പോഴാണ് തന്റെ ഭക്ഷണ ശൈലിയെക്കുറിച്ച് കരീന തുറന്നു പറഞ്ഞത്.
സസ്യാഹാരം പിന്തുടർന്നു കൊണ്ടുള്ള ഡയറ്റ് ജീവിതത്തിൽ പോസിറ്റീവായ മാറ്റങ്ങൾ മാത്രമേ ഉണ്ടാക്കൂ എന്നാണ് കരീനയുടെ പക്ഷം.
റുജുത തികഞ്ഞ സസ്യാഹാരിയാണ്. അവർക്കൊപ്പം ചേർന്ന് പ്രവർത്തിക്കുമ്പോഴൊക്കെയും സസ്യാഹാരം മാത്രമേ തിരഞ്ഞെടുക്കാറുള്ളൂ എന്ന് താരം പറയുന്നു. കഴിഞ്ഞ 15 വർഷക്കാലമായി ഭക്ഷണക്രമം ലളിതമാക്കി നിലനിർത്താനാണ് താൻ ഏറെ ഇഷ്ടപ്പെടുന്നതെന്നും കരീന പറയുന്നുണ്ട്
ജോലിയുടെ ഭാഗമായി സഞ്ചരിക്കുമ്പോഴൊക്കെയും ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നുള്ള ഭക്ഷണവും കഴിച്ചു നോക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. എന്നാൽ വീട്ടിൽ തന്നെ പാകം ചെയ്യുന്ന ഭക്ഷണത്തോളം ഒന്നും ആസ്വദിക്കാൻ സാധിച്ചിട്ടില്ല. ഏറ്റവും സംതൃപ്തി നൽകുന്നത് വീട്ടിൽ പാചകം ചെയ്യുന്ന ഭക്ഷണം തന്നെയാണ്. ഭക്ഷണത്തിൽ പുതിയ പരീക്ഷണങ്ങൾ ഒന്നും നടത്താതെ പതിവായി ഒരേ ക്രമം പിന്തുടരാനാണ് കരീനയ്ക്ക് താത്പര്യം.
അതിൽ തന്നെ കിച്ചടിയോട് ഒരു പ്രത്യേക ഇഷ്ടവും ഉണ്ട്. രണ്ടോ മൂന്നോ ദിവസം കിച്ചടി കഴിച്ചില്ലെങ്കിൽ അത് കഴിക്കാൻ അതിയായ കൊതി തോന്നാറുണ്ടെന്ന് കരീന പറയുന്നു