ദുരന്തം കയ്യകലെ..

47cv5c3ot2s0qqjo7jtki1vf9f content-mm-mo-web-stories kannur-accident-threat content-mm-mo-web-stories-local-features 6j318921m12mardmhlqef3adoa content-mm-mo-web-stories-local-features-2024

കാലൻ ചിരിക്കും, ചില കാഴ്ചകൾ കണ്ടാൽ. പൊതുവഴിയിലിറങ്ങിയാൽ നമ്മളെ അപകടത്തിലേക്ക് മാടി വിളിക്കുന്ന എത്രയോ സ്ഥലങ്ങളാണ്. റോഡിലെ കുഴി, വഴിയിലേക്കു തള്ളി നിൽക്കുന്ന കമ്പികൾ, വാഹനങ്ങളുടെ അമിത വേഗം തുടങ്ങി ഓരോ ഇഞ്ചിലും അപകടം പതിയിരിക്കുന്നു. തിരുവനന്തപുരത്ത് ലോറിയിൽ നിന്നു തെറിച്ചുവീണ കല്ല് ഒരു വിദ്യാർഥിയെ കൊന്ന സംഭവമെങ്കിലും നമ്മുടെ കണ്ണു തുറപ്പിക്കുമോ! കാലനെ ചിരിപ്പിക്കുന്ന ചില കാഴ്ചകൾ ക്യാമറയിൽ പതിഞ്ഞപ്പോൾ.

കൂറ്റൻ പരസ്യബോർഡുകൾ തകർന്നു വീണുള്ള മരണവാർത്തകർ നാം ഏറെ വായിച്ചറിഞ്ഞതാണ്. പക്ഷേ, ഇത്തരം ബോർഡുകൾ ഒരുക്കുന്നവരുടെ സുരക്ഷാവീഴ്ച നാം കാണാതെ പോകരുത്. ആകാശത്തേക്ക് ഉയർത്തുന്ന കൂറ്റൻ ഇരുമ്പ് ഫ്രെയിമുകളിൽ ആവശ്യമായ സുരക്ഷാ മുൻകരുതലുകളോടെ വേണം ജോലി ചെയ്യാൻ. ഇത് ഉറപ്പാക്കേണ്ടത് തൊഴിൽ വകുപ്പുമാണ്. കണ്ണൂർ കലക്ടറേറ്റിൽ നിന്നു നോക്കിയാൽ കാണുന്ന ദൂരത്ത് സ്ഥാപിക്കുന്ന പരസ്യ ബോർഡിൽ യാതൊരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെ ജോലി ചെയ്യുന്നവർ.

ചെറുപുഴ കാക്കയംചാൽ കയറ്റത്തിൽ ലോറിയിൽനിന്നു തെറിച്ചു വീണ കരിങ്കല്ല്.

പഴയങ്ങാടി റെയിൽവേ അടിപ്പാതയ്ക്കു സമീപത്തെ അപകടാവസ്ഥയിലായ കെട്ടിടം. ഏത് സമയവും തകർന്ന് വിഴാവുന്ന നിലയിലാണിത്. തിരക്കേറിയ റോഡിൽ സ്കൂൾ വിദ്യാർഥികളടക്കം നടന്നുപോകുന്ന വഴിയിലാണ് കെട്ടിടത്തിന്റെ നിൽപ്. കെട്ടിടത്തിന്റെ മുകൾ ഭാഗത്ത് നിന്ന് ഏത് സമയവും നിലപതിക്കാവുന്ന അവസ്ഥയിൽ ചുമരിന്റെ കല്ല് ഇളകി നിൽക്കുകയാണ്.

കണ്ണൂർ ദേശീയപാതയിൽ ഡിഡിഇ ഓഫിസിനു സമീപം നടപ്പാതയിലെ കൈവരികൾ തകർന്ന് ഇരുമ്പ്പൈപ്പുകൾ അപകടഭീഷണി ഉയർത്തി നിൽക്കുന്ന കാഴ്ച.

കണ്ണൂർ നഗരത്തിൽ താലൂക്ക് ഓഫിസിനു മുൻപിലെ നടപ്പാതയിലെ സ്ലാബ് തകർന്ന് കമ്പികൾ അപകടാവസ്ഥയിൽ പുറത്തേക്ക് നിൽക്കുന്ന കാഴ്ച.

കണ്ണൂർ കാൽടെക്സ് ജംക്‌ഷനു സമീപത്തെ നടപ്പാതയുടെ കുറുകെ യാത്രക്കാർക്ക് നടക്കാൻ സാധിക്കാത്ത വിധത്തിൽ സ്ഥാപിച്ചിരിക്കുന്ന പോസ്റ്റ്. പോസ്റ്റിൽ തട്ടാതെ തലകുനിച്ച് വേണം ഇതുവഴി നടന്നുപോകാൻ.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നു ബാങ്ക് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തു റോഡിന്റെ മധ്യത്തിലായി ഉയർന്നു നിൽക്കുന്ന ഇരുമ്പ് കുറ്റി. നഗരത്തിൽ ഏറെ തിരക്കേറിയ ഈ റോഡിൽ ഇരുചക്രവാഹനങ്ങൾ കുറ്റിയിൽ തട്ടിവീണ് അപകടങ്ങൾ പതിവാണ്.

കണ്ണൂർ കലക്ടറേറ്റിനു മുൻപിൽ ട്രാഫിക് പൊലീസ് സ്ഥാപിച്ച ഡിവൈഡറുകളുടെ അവസ്ഥയാണിത്. പലതും തകർന്ന് റോഡിലേക്കു തള്ളിനിൽക്കുകയാണ്. ട്രാഫിക് ബോധവൽക്കരണ വാചകങ്ങൾ എഴുതിവച്ച ഡിവൈഡറുകൾ തന്നെയാണ് വാഹനയാത്രക്കാർക്ക് വില്ലനായി മാറുന്നത്.

ദേശീയപാതയിൽ തലശ്ശേരി ജില്ലാ കോടതിക്ക് സമീപം അപകടാവസ്ഥയിൽ നിൽക്കുന്ന മരം. വാഹനങ്ങൾ ഉരഞ്ഞു പോകുന്നതിനാൽ മരത്തിന്റെ ശാഖ തേഞ്ഞുപോയതും കാണാം.

കാസർകോട് എംജി റോഡിൽ ചന്ദ്രഗിരി ജംക്ഷനു സമീപം റോഡിനു നടുവിലായി മാൻഹോളിന്റെ മൂടി താഴ്ന്ന് കുഴി രൂപപ്പെട്ട നിലയിൽ. രാത്രി സമയത്ത് ഈ ഭാഗത്ത് വെളിച്ചം കുറവായതിനാൽ ഇരുചക്ര വാഹനയാത്രക്കാർ ഇവിടെ അപകടത്തിൽപെടുന്നത് നിത്യസംഭവമായിമാറിയിരിക്കുകയാണ്.

ദേശീയപാതയിൽ തലശ്ശേരി പാലിശ്ശേരിയിൽ റോഡരികിൽ അപകടാവസ്ഥയിൽ ഉയർന്നുനിൽക്കുന്ന സ്ലാബ്. വീതി കുറഞ്ഞ ഇവിടെ കാൽ തെന്നി വീണാൽ യാത്രക്കാർ വാഹനങ്ങൾക്ക് മുൻപിലേക്കായിരിക്കും തെറിച്ചുവീഴുക.

അപകട സൂചനാ മുന്നറിയിപ്പ് ഫ്ലാഗ് (റെഡ് ഫ്ലാഗ്) കെട്ടാതെ ദേശീയപാതയിലൂടെ കൂറ്റൻ തടികളുമായി പോകുന്ന ലോറി. കണ്ണൂർ കണ്ണോത്തുംചാലിൽ നിന്നുള്ള കാഴ്ച.

പിണറായി - പെരളശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാറപ്രം - മൂന്നു പെരിയ പാലത്തിനു സമീപം റോഡ് ഇടിഞ്ഞുതാണ നിലയിൽ. പുഴയോര ടൂറിസത്തിന്റെ ഭാഗമായി പാലത്തിനടിയിൽ നിന്നു അനിയന്ത്രിതമായി മണലെടുത്തതാണ് പാലത്തിന്റെ സംരക്ഷണ ഭിത്തിയുടെയും റോഡിന്റെയും തകർച്ചയ്ക്കു കാരണം.

കെഎസ്ടിപി പാപ്പിനിശ്ശേരി-പിലാത്തറ റോഡിൽ ഇരിണാവ് പയ്യട്ടം കൊട്ടപ്പാലത്തിന് സമീപം ഓവുചാലിന് സ്ലാബ് ഇടാത്ത നിലയിൽ. തുറന്നിട്ട ഓവുചാൽ കാടുമൂടിക്കിടക്കുന്ന നിലയിലായതിനാൽ വാഹനങ്ങളും കാൽനടയാത്രക്കാരും അപകടത്തിൽപ്പെടുന്നത് പതിവാണ്. കെഎസ്ടിപി റോഡ് കടന്നുപോകുന്ന മിക്ക സ്ഥലങ്ങളിലും ഓവുചാൽ തുറന്നു കിടക്കുകയാണ്. നാലു വർഷം മുൻപ് പാപ്പിനിശ്ശേരി വെസ്റ്റിൽ തുറന്നിട്ട ഓവുചാലിൽ വീണു ഒരാൾ മരിച്ചിരുന്നു.

തലശേരി - കൂട്ടുപുഴ കെഎസ്ടിപി റോഡിൽ റോഡ് വികസന പദ്ധതിയുടെ ഭാഗമായി 9 കോടി രൂപ മുടക്കി സ്ഥാപിച്ച 947 സോളർ വഴിവിളക്കുകളുടെ ബാറ്ററി ബോക്സുകളിൽ ഭൂരിഭാഗവും കവചം തുരുമ്പിച്ച് യാത്രക്കാരുടെ തലയിൽ പതിക്കുന്ന സ്ഥിതിയിലാണ്.

ദേശീയപാത നിർമാണ ജോലികൾ പുരോഗമിക്കുന്ന കല്യാശ്ശേരിയിൽ നിന്നുള്ള കാഴ്ചയാണിത്. ടിപ്പർ ലോറിയിൽ മണ്ണ് നിറച്ച് മൂടാതെ കൊണ്ടുപോകുകയാണ്. പിന്നിൽ യാത്ര ചെയ്യുന്ന ഇരുചക്ര വാഹനയാത്രക്കാർക്കാണ് ഇത് ഏറെ ദുരിതമാകുന്നത്.