സംഗീതലോകത്തെ കടുത്ത നിരാശയിലാഴ്ത്തി ഐറിഷ് പോപ് ഗായിക സിനെഡ് ഓ കോണറിന്റെ (56) വിയോഗം
ഗായികയുടെ കുടുംബം തന്നെയാണ് മരണവിവരം ഔദ്യോഗികമായി അറിയിച്ചത്. എന്നാല്‍ മരണകാരണം വ്യക്തമാക്കിയിട്ടില്ല.
മാനസികമായി തകർന്നിരിക്കുന്ന ഈ വേളയിൽ സിനെഡിന്റെ കുടുംബാംഗങ്ങൾക്കു സ്വകാര്യത ആവശ്യമാണെന്നും അതിനെ മാനിക്കണമെന്നും കുടുംബത്തോടടുത്ത വൃത്തങ്ങൾ അറിയിച്ചു.
സിനെഡിന്റെ അപ്രതീക്ഷിത വിയോഗം സംഗീതലോകത്തെയൊന്നാകെ വേദനിപ്പിച്ചിരിക്കുകയാണ്.പാട്ടിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല സിനെഡ് ഓ കോണറിന്റെ ജീവിതം. സാമൂഹിക വിഷയങ്ങളിലെല്ലാം പ്രതികരണങ്ങൾ അറിയിച്ചിരുന്ന അവർ, നിലപാടിന്റെ ഉറച്ച ശബ്ദം കൂടിയായിരുന്നു.
2018ൽ സിനെഡ് ഇസ്‌ലാം മതത്തിലേക്കു പരിവർത്തനം ചെയ്യുകയും ശുഹദ സദാഖത്ത് എന്ന പേര് സ്വീകരിക്കുകയും ചെയ്തു. എന്നാൽ സംഗീതവേദികളിൽ അവർ സിനെഡ് ഓ കോണർ എന്നു തന്നെയാണ് അറിയപ്പെട്ടത്
സിനെഡിന്റെ 4 മക്കളിലൊരാളായ ഷെയ്ൻ 2022 ജനുവരിയിൽ മരണപ്പെട്ടിരുന്നു. പെട്ടെന്നൊരു ദിവസം ഷെയ്‌നിനെ കാണാതാവുകയും ഏതാനും ദിവസങ്ങള്‍ക്കിപ്പുറം മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.
മകന്റെ അകാല വിയോഗത്തിൽ തളർന്നു പോയ സിനെഡ് കടുത്ത നിരാശയിലേക്കു നീങ്ങിത്തുടങ്ങി. മകന്‍ തന്നെ വിട്ടു പോയതിനു ശേഷം മരിക്കാത്ത രാത്രിജീവിയായി, എപ്പോഴും ഉറക്കമില്ലാതെ ദിവസങ്ങൾ തള്ളിനീക്കുകയാണ് താനെന്ന് സിനെഡ് പറഞ്ഞിട്ടുണ്ട്.
‘അവന്‍ എന്റെ പ്രാണനായിരുന്നു, എന്റെ ആത്മാവിന്റെ വിളക്ക്’ എന്ന അടിക്കുറിപ്പോടെ മകനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു സിനെഡിന്റെ അവസാന ട്വീറ്റ്.