ചെന്നൈയിൽ നടന്ന എ.ആർ.റഹ്മാൻ ഷോ ‘മറക്കുമാ നെഞ്ചത്തി’നു ‘ഡയമണ്ട് പാസ് ടിക്കറ്റ് എടുത്തെങ്കിലും പരിപാടി കാണാൻ സാധിച്ചില്ലെന്ന് നടിയും ബിജെപി നേതാവുമായി ഖുശ്ബു.
തനിക്കും മക്കൾക്കും ഡയമണ്ട് പാസ് ഉണ്ടായിരുന്നിട്ടും പ്രവേശനം നിഷേധിച്ചെന്നും എന്നാൽ സംഭവത്തിൽ റഹ്മാനെ കുറ്റപ്പെടുത്തുന്നതിൽ അർഥമില്ലെന്നും ഖുശ്ബു പറഞ്ഞു.
സെപ്റ്റംബർ 10നായിരുന്നു ‘മറക്കുമാ നെഞ്ചം’ സംഘടിപ്പിച്ചത്. ആയിരക്കണക്കിന് പേരാണ് പരിപാടി കാണാനെത്തിയത്. അയ്യായിരവും പതിനായിരവും മുടക്കി ടിക്കറ്റെടുത്തെങ്കിലും പലർക്കും വേദിയുടെ അടുത്തുപോലും എത്താൻ സാധിച്ചില്ല.
20,000 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള സ്ഥലത്തു നടത്തിയ സംഗീത പരിപാടിക്കായി അര ലക്ഷത്തോളം ടിക്കറ്റുകൾ വിതരണം ചെയ്തതാണ് പ്രശ്നങ്ങൾക്കു കാരണമായത്. സംഗീതപരിപാടി ആരംഭിക്കുന്നതിനു മണിക്കൂറുകൾക്കു മുന്നേ എത്തി കാത്തു നിന്നിട്ടും പലർക്കും അകത്തു പ്രവേശിക്കാൻ സാധിച്ചില്ല. തിരക്കിൽപ്പെട്ട് പലർക്കും പരുക്കേറ്റതായും പ്രാദേശികമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
തിരക്കിനിടയിൽ കൊച്ചുകുട്ടികളെ കൈവിട്ടുപോയെന്നും ജനക്കൂട്ടത്തിൽ നിന്നും തികച്ചും മോശം അനുഭവമാണ് നേരിടേണ്ടിവന്നതെന്നും പറഞ്ഞ് ചിലർ പരസ്യപ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീകൾക്കെതിരെ ലൈംഗിക അതിക്രമങ്ങളുണ്ടായതായും പരാതികളുണ്ട്.സുരക്ഷാ, സംഘടനാ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് സമൂഹമാധ്യമങ്ങളിൽ ആരാധകരോഷം അണപൊട്ടി.
സംഭവം വിവാദമായതോടെ മാപ്പ് പറഞ്ഞ് എ.ആർ.റഹ്മാനും സംഘാടകരും രംഗത്തെത്തിയിരുന്നു. സംഗീതപരിപാടി കാണാൻ ടിക്കറ്റ് എടുത്തവർ അതിന്റെ പകർപ്പ് ഇ–മെയിൽ അയച്ചുകൊടുക്കണമെന്നും ഉത്തരവാദിത്തപ്പെട്ടവർ പരാതികൾ പരിഹരിക്കുകയും വിമർശനങ്ങളോടു പ്രതികരിക്കുകയും ചെയ്യുമെന്നും റഹ്മാന്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ഇനി പരിപാടികൾ സംഘടിപ്പിക്കുമ്പോൾ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയതായി ഉറപ്പാക്കുമെന്നും അദ്ദേഹം വാക്ക് നൽകി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.