കരിയറിന്റെ തുടക്കകാലത്ത് നേരിടേണ്ടിവന്ന പ്രതിസന്ധികളെക്കുറിച്ചു മനസ്സു തുറന്ന് ഗായകൻ സോനു നിഗം
പതിനെട്ടാം വയസ്സിലാണ് താൻ ആദ്യ റെക്കോർഡിങ്ങിനു വേണ്ടി പോയതെന്നും ഒരു പാട്ട് പാടാനായി സ്റ്റുഡിയോയിൽ 7 മണിക്കൂറിലധികം കാത്തുനിന്നെന്നും സോനു പറഞ്ഞു.
തന്റെ പ്രതിസന്ധി കാലത്ത് സംഗീതസംവിധായകൻ അനു മാലിക് തന്നെ കള്ളം പറഞ്ഞു വഞ്ചിച്ചിട്ടുണ്ടെന്നും സോനു വെളിപ്പെടുത്തി.‘ജീവിതത്തിൽ വിജയം വരിക്കണമെങ്കിൽ എല്ലാവരും കഠിനമായി അധ്വാനിക്കണം.
സംഗീതരംഗത്ത് കാലുറപ്പിക്കുന്നതിനു മുന്‍പ് ഞാൻ വളരെയേറെ പ്രയാസങ്ങൾ നേരിട്ടിരുന്നു. അന്നൊക്കെ ഞാൻ എല്ലാ ദിവസവും രാവിലെ വീട്ടിൽ നിന്നിറങ്ങി കിലോമീറ്ററുകളോളം സൈക്കിൾ ചവിട്ടി ടെലിഫോൺ ബൂത്തിൽ പോയി പലരെയും വിളിച്ച് ജോലിക്കു വേണ്ടി അപേക്ഷിക്കുമായിരുന്നു. പക്ഷേ തിരസ്കരണം മാത്രമായിരുന്നു ഫലം.
ഒരു ദിവസം ഞാൻ സംഗീതസംവിധായകൻ അനു മാലിക്കിനെ വിളിച്ചു, അപ്പോൾ അദ്ദേഹം ഫോൺ എടുത്തിട്ട് തന്റെ അനിയൻ ആണ് സംസാരിക്കുന്നതെന്നും അനു മാലിക് ഇവിടെയില്ലെന്നും കള്ളം പറഞ്ഞ് ഫോൺ വച്ചു. എനിക്കറിയാം, അദ്ദേഹം തന്നെയാണ് സംസാരിച്ചതെന്ന്. ഒഴിവാക്കാൻ വേണ്ടി കള്ളം പറഞ്ഞതാണെന്നും മനസ്സിലായി. എന്നിട്ടും ഞാൻ നിരാശനായില്ല. എന്റെ സമയം വരും എന്ന വിശ്വാസത്തിൽ കാത്തിരുന്നു.Powered ByVDO.AI1991ലാണ് ഞാൻ ആദ്യമായി പാട്ട് റെക്കോർഡിങ്ങിനു പോയത്. സർഗം സ്റ്റുഡിയോയിൽ വച്ചായിരുന്നു റെക്കോർഡിങ്. ഉഷ ഖന്നയുടെ പാട്ടാണ് പാടേണ്ടിയിരുന്നത്. ഞാൻ രാവിലെ തന്നെ സ്റ്റുഡിയോയിലെത്തി. അൽക്ക യാഗ്നിക്കും കുമാർ സാനുവുമൊക്കെ സ്റ്റുഡിയോയിൽ പാടാനായി വന്നത് ഞാൻ കണ്ടു. അപ്പോഴൊക്കെ ഞാൻ എന്റെ ഊഴവും കാത്തു നിൽക്കുകയായിരുന്നു. 7 മണിക്കൂറിലേറെ അവിടെ നിന്നു. ഞാൻ ഇരിക്കുന്നത് കണ്ടാൽ അവർക്കെന്നോട് അനിഷ്ടം തോന്നിയാലോ എന്നു പേടിച്ചാണ് ഞാൻ ഒരേ നിൽപ്പ് നിന്നത്.
അന്ന് വൈകുന്നേരം സ്റ്റുഡിയോ അടയ്ക്കാറായപ്പോൾ എന്നെ ചൂണ്ടി ആരോ ഉള്ളിൽ നിന്നു വിളിച്ചു പറഞ്ഞു, ‘‘ആ പയ്യൻ രാവിലെ മുതൽ കാത്തു നിൽക്കുകയാണ്. അവന് പാടാൻ ഒരു മൈക്ക് കൊടുക്കൂ’’ എന്ന്. അങ്ങനെ ഞാൻ പാടാനായി റെക്കോർഡിങ് റൂമിലേക്ക് ചെന്നു. എന്റെ പാട്ട് കേട്ടപ്പോൾ ചുറ്റുമുണ്ടായിരുന്ന എല്ലാവരും സ്തംഭിച്ചുപോയി. എനിക്ക് നന്നായി പാടാൻ കഴിയുമെന്ന് അവർ തിരിച്ചറിയുകയായിരുന്നു. അന്ന് കാത്തുനിൽക്കാൻ തയ്യാറാകാതെ ഞാൻ മടങ്ങിപ്പോയിരുന്നെങ്കിൽ ഇന്ന് ഞാനൊരു പ്രഫഷനൽ ഗായകനായി മാറുകയില്ലായിരുന്നു. എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. എല്ലാവരുടെയും ജീവിതത്തിലും അങ്ങനൊരു നല്ലകാലം വരും’