നടി സോഫി ടേണറുമായുള്ള ബന്ധം വേർപെടുത്തി മാസങ്ങൾ പിന്നിടുമ്പോൾ ഗായകനും ജൊനാസ് ബ്രദേഴ്സിലെ രണ്ടാമനുമായ ജോ ജൊനാസ് പുതിയ പങ്കാളിയെ കണ്ടെത്തിയെന്നു റിപ്പോർട്ട്
മോഡലായ സ്റ്റോർമി ബ്രീയുമായി ജോ ഡേറ്റിങ്ങിലാണെന്നാണ് വിവരം. എന്നാൽ ഇക്കാര്യത്തിൽ ഇരുവരും ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. ജോ ജൊനാസിനെയും സ്റ്റോർമിയെയും പലപ്പോഴും പൊതു ഇടങ്ങളിൽ വച്ച് ഒരുമിച്ചു കണ്ടതോടെയാണ് ആരാധകരുടെ സംശയം ബലപ്പെട്ടത്.
ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ അമേരിക്കൻ മാധ്യമങ്ങൾ വാർത്ത പ്രചരിപ്പിച്ചു.അടുത്തിടെ നടിയും ജൊനാസ് ബ്രദേഴ്സിലെ ഇളയവനായ നിക്കിന്റെ പങ്കാളിയുമായ പ്രിയങ്ക ചോപ്ര സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രവും ജോയെക്കുറിച്ചുള്ള പ്രണയച്ചർച്ചകൾക്ക് ആക്കം കൂട്ടി.
ഷാംപെയ്ൻ ഗ്ലാസ് പിടിച്ചുകൊണ്ടുള്ള 4 പേരുടെ കൈകളുടെ ചിത്രങ്ങളാണ് നടി ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയത്. പിന്നാലെ പ്രിയങ്കയുടെ കൂടെയുള്ള രണ്ടുപേർ ജോയും പുതിയ കാമുകിയുമാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചതോടെ പ്രിയങ്ക ചിത്രം നീക്കം ചെയ്തു. എന്നാൽ ഇതുസംബന്ധിച്ചുള്ള ചർച്ചകൾ കെട്ടടങ്ങയിട്ടില്ല.
ജോയുമായി വേർപിരിഞ്ഞ് ആഴ്ചകൾ മാത്രം പിന്നിട്ടപ്പോൾ സോഫി ടേണർ പുതിയ പ്രണയം ആരംഭിച്ചിരുന്നു. ബ്രിട്ടിഷ് രാജകുടുംബത്തിലെ അവകാശിയായ ജോൺ ഡിക്കിൻസൺ പിയേഴ്സണ്‍ ആണ് നടിയുടെ പുതിയ പങ്കാളി. ഇരുവരും പരസ്പരം ചുംബിക്കുന്ന ചിത്രം പുറത്തുവന്നതോടെയാണ് പ്രണയബന്ധം സ്ഥിരീകരിക്കപ്പെട്ടത്.
വിഷയത്തിൽ ജോ ജൊനാസ് പരോക്ഷ പ്രതികരണം നടത്തിയിരുന്നു. ഇത് വളരെ പെട്ടെന്നായിപ്പോയെന്നും പൊതുഇടത്തിൽ വച്ച് മറ്റൊരു പുരുഷനോടുള്ള സോഫിയുടെ സ്നേഹപ്രകടനം തന്നെ ഞെട്ടിച്ചെന്നും ജോ പറഞ്ഞതായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി.