മധുര പതിനേഴിന്റെ ചെറുപ്പത്തോടെ എക്കാലവും പാട്ടുകൾ പാടിക്കൊണ്ടേയിരുന്ന പാട്ടുലോകത്തിന്റെ ഇഷ്ട ഗായിക വാണി ജയറാം പറന്നകന്നിട്ട് ഒരു വർഷം തികയുന്നു
ആ സ്വരത്തിന് എന്നും യുവത്വത്തിന്റെ ശോഭയായിരുന്നു. 1945 നവംബർ 30ന് തമിഴ്നാട്ടിലെ വെല്ലൂരിലാണ് വാണി ജയറാമിന്റെ ജനനം. സംഗീതജ്ഞയായ അമ്മയിൽ നിന്നു തന്നെ സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ സ്വായത്തമാക്കി.
അഞ്ചാം വയസ്സിൽ ഗുരുവായ അയ്യങ്കാർ പറഞ്ഞു കൊടുത്ത ദീക്ഷിതർ കൃതികൾ പെട്ടെന്നു പഠിച്ചെടുത്തു കൊണ്ട് അദ്‌ഭുതപ്പെടുത്തിയ ഗായിക, എട്ടാം വയസ്സിൽ ആകാശവാണി മദ്രാസ് സ്റ്റേഷനിൽ പാടിത്തുടങ്ങി.
5 പതിറ്റാണ്ടുകൾക്കു മുൻപ് ‘ഗുഡി’ എന്ന ചിത്രത്തിലൂടെ പ്രശസ്ത സംഗീതസംവിധായകൻ വസന്ത് ദേശായിയാണ് ഗായികയെ കലാരംഗത്തിനു പരിചയപ്പെടുത്തിയത്.
ആ യുവ സ്വരത്തെ പിന്നീട് നൗഷാദ്, മദൻ മോഹൻ, ആർ.ഡി.ബർമൻ, ഒ.പി.നയ്യാർ, ലക്ഷ്‌മികാന്ത് പ്യാരേലാൽ, കല്യാൺജി ആനന്ദ്‌ജി, ജയദേവ് തുടങ്ങിയ മുൻനിര സംഗീതസംവിധായകരൊക്കെ പാടിച്ചു. എന്നാൽ ചെന്നൈയിലേക്കു താമസം മാറ്റിയതോടെ വാണി ബോളിവുഡിൽ നിന്ന് അകന്നു. അതു മലയാളത്തിനും തമിഴിനും തെലുങ്കിനും ഭാഗ്യമായി
അധികം വൈകാതെ സലീൽ ചൗധരി വാണി ജയറാമിനെ മലയാളികൾക്കു മുന്നിലും എത്തിച്ചു. ഭൂമിയെക്കുറിച്ചു മനോഹരമായ സ്വപ്നം വരച്ചിട്ട് ഒഎൻവി കുറിച്ച ‘സൗരയുഥത്തിൽ വിരിഞ്ഞോരു’ എന്നു തുടങ്ങുന്ന പാട്ടിലൂടെ വാണി ജയറാം മലയാളികളുടെ പ്രിയപ്പെട്ട ‘വാണിയമ്മ’യായി ഹൃദയത്തിൽ ഇടം പിടിച്ചു.
ഒന്നല്ല, ഒരായിരം വർഷം പിന്നിട്ടാലും വാണി ജയറാം എന്ന ഗായികയും ആ നാദവും പാട്ടുപ്രേമികളുടെ മനസ്സിൽ നിന്നു പടിയിറങ്ങിപ്പോകാൻ കൂട്ടാക്കാതെ മധുപൊഴിച്ചുകൊണ്ടേയിരിക്കുമെന്നു തീർച്ച