കുട്ടികളില്ലാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നു വിധു പ്രതാപും ദീപ്തിയും.

content-mm-mo-web-stories-music content-mm-mo-web-stories 1no960jnae3lh2a87qicoovdvk 3mvpptic934kib18ib44dr00cd content-mm-mo-web-stories-music-2024 vidhu-prathap-and-wife-deepthi-opens-up-about-their-personal-life

കുട്ടികളുണ്ടാകാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ പല ആവർത്തി നേരിടേണ്ടി വന്നിട്ടുണ്ടെന്നു വെളിപ്പെടുത്തി ഗായകൻ വിധു പ്രതാപും ഭാര്യയും നർത്തകിയുമായ ദീപ്തിയും

കുട്ടികളുടെ കാര്യത്തിലുള്ള അന്തിമ തീരുമാനം ഭാര്യയിലും ഭർത്താവിലും മാത്രം ഒതുങ്ങി നിൽക്കേണ്ട ഒന്നാണെന്നും ആവർത്തിച്ചുള്ള ഇത്തരം ചോദ്യങ്ങൾക്കു പരിധികളുണ്ടാകണമെന്നും ഇരുവരും പ്രതികരിച്ചു.

‘കുട്ടികൾ ഇല്ല എന്നുള്ളത് ഞങ്ങളെ സംബന്ധിച്ച് ഒരു സമ്മർദമല്ല. ചില സമയങ്ങളിൽ ഞങ്ങൾക്കു തോന്നിയിട്ടുണ്ട്, അത് മറ്റുള്ളവരിൽ സമ്മർമുണ്ടാക്കുന്നുവെന്ന്. യാതൊരു പരിചയവുമില്ലാത്ത ആളുകൾക്കു പോലും ഇക്കാര്യം വലിയ പ്രശ്നമാണ്. ചിലപ്പോൾ സംഗീതപരിപാടിയുമായി ബന്ധപ്പെട്ട് എവിടെയെങ്കിലും യാത്ര പോകുമ്പോഴായിരിക്കും ഇത്തരം ചോദ്യങ്ങൾ നേരിടേണ്ടി വരിക. ഭാര്യ വന്നില്ലേ എന്നായിരിക്കും ചിലരുടെ ആദ്യ ചോദ്യം. പിന്നെ മക്കളുടെ കാര്യം ചോദിക്കും. മക്കളില്ല എന്നു പറയുമ്പോൾ കല്യാണം കഴിഞ്ഞിട്ട് എത്ര നാളായി എന്നു ചോദിക്കും. 15 വർഷമായി എന്നു പറയുമ്പോൾ അവര്‍ തന്നെ ഓരോന്നു ചിന്തിച്ചു കൂട്ടും. തങ്ങളുടെ പരിചയത്തിൽ ഒരു ഡോക്ടർ ഉണ്ടെന്നായിരിക്കും അടുത്ത പറച്ചിൽ. കുട്ടികൾ വേണോ, വേണ്ടയോ എന്നൊന്നും പുറമേ നിന്നൊരാൾ ചോദിക്കേണ്ട യാതൊരു ആവശ്യവുമില്ല. കുട്ടികളില്ലെന്നു പറഞ്ഞാൽ പിന്നെ അതെന്താ എന്നു ചോദിക്കേണ്ട ആവശ്യമില്ല. ചോദ്യങ്ങൾക്കു പരിധികൾ ഉണ്ടാകണം’, വിധു പ്രതാപ് പറഞ്ഞു

‘മക്കൾ വേണ്ട എന്നു തീരുമാനിച്ച് ജീവിക്കുന്ന എത്രയോ ദമ്പതികളുണ്ട് സമൂഹത്തിൽ? ജോലിയിൽ സ്ഥിരതയുണ്ടാകാൻ വേണ്ടി കാത്തിരിക്കുന്നവരായിരിക്കും ചിലർ. വേറെ ചിലർ ശ്രമിച്ചിട്ടും കുഞ്ഞുങ്ങളുണ്ടാകാത്തവരായിരിക്കും. ഇതൊക്കെ ഭാര്യാഭർത്താക്കന്മാരുടെ ഇടയിൽ മാത്രം ഒതുങ്ങി നിൽക്കേണ്ട കാര്യമാണ്.

ഞങ്ങളോട് വളരെ കരുതലോടെ, എത്രയും വേഗം കുഞ്ഞിക്കാൽ കാണാൻ അനുഗ്രഹമുണ്ടാകട്ടെ എന്നൊക്കെ ചിലർ കമന്റിടുന്നതു കണ്ടിട്ടുണ്ട്. അതുപോലെ തന്നെ കുട്ടികൾ ഇല്ലെന്നറിഞ്ഞിട്ടും കു‍ട്ടികളില്ലേ എന്നു വേദനിപ്പിക്കാൻ വേണ്ടി ചോദിക്കുന്നവരുമുണ്ട്.

കുട്ടികളില്ലാത്ത ദമ്പതികള്‍ ദൈവം അനുഗ്രഹിക്കാതെ പോയവരോ സങ്കടപ്പെട്ടിരിക്കുന്നവരോ ഒന്നുമല്ല. അത് അവരുടെ സ്വന്തം തീരുമാനമണ്. അതെന്തുമാകാം. അങ്ങനെ തന്നെ ആയിരിക്കട്ടെ. മറ്റുള്ളവർ അതൊന്നും അറിയേണ്ട കാര്യമില്ല. പുതുതലമുറയിലെ കുട്ടികളൊന്നും ഇത്തരം കാര്യങ്ങൾ ചോദിക്കാറില്ല’, വിധു പ്രതാപ് പറഞ്ഞു.