കൊലുസിന്റെ കൊഞ്ചൽ പോലൊരു പാട്ടുകാരി

6f87i6nmgm2g1c2j55tsc9m434-list 50c4dd1ne58i5cvs3n42m0058o 1hj6rb7la52vgjlfm4c7frrbno-list

കഴിഞ്ഞ നാലര പതിറ്റാണ്ടായി മലയാളിയുടെ മനസ്സിൽ ശുദ്ധസംഗീതത്തിന്റെ തേൻമഴ പൊഴിച്ചുകൊണ്ടിരിക്കുന്ന ഗായിക സുജാത മോഹന് ഇന്ന് 61ാം പിറന്നാൾ മധുരം.

പാദസരക്കിലുക്കം പോലുള്ള ആ മധുര നാദത്തിൽ അലിഞ്ഞൊഴുകിയ ഗാനങ്ങൾ ഇന്നും സംഗീത പ്രേമികളുടെ നാവിൻ തുമ്പിൽ ഇടവേളകളില്ലാതെ വിരുന്നെത്തുന്നു.

സദാ മന്ദസ്മിതം പൊഴിക്കുന്ന മുഖവും ഭാവം തുളുമ്പുന്ന ആലാപനവുമായി സുജാത സംഗീതാസ്വാദകരുടെ മനസ്സിലേക്ക് ഒഴുകിയെത്തിയിട്ട് പതിറ്റാണ്ടുകൾ പിന്നിട്ടുവെങ്കിലും ആ മധുര നാദത്തിനു പകരം വയ്ക്കാൻ മറ്റൊരു സ്വരം കണ്ടെത്താൻ മലയാളികൾക്ക് ഇനിയുമായിട്ടില്ല.

ഗായികമാർ പലരും മലയാളത്തിൽ വന്നുപോയെങ്കിലും ഒരിക്കലും ഇഷ്ടം തീരാത്തൊരു പ്രണയസ്വരമായി സുജാതയെ നാം എന്നും കേൾക്കുന്നു. കാതുകൾ കൊണ്ടു മാത്രമല്ല, ഹൃദയം കൊണ്ടും.

ഡോ. വിജയേന്ദ്രന്റെയും ലക്ഷ്മിയുടെയും മകളായി 1963 മാർച്ച് 31നു കൊച്ചിയിലാണു സുജാത ജനിച്ചത്. എട്ടാം വയസ്സിൽ കലാഭവനിൽ നിന്ന് സംഗീതം അഭ്യസിച്ചു തുടങ്ങി. കലാഭവൻ സ്ഥാപകൻ ആബേലച്ചൻ രചിച്ച് പുറത്തിറക്കിയ നിരവധി ക്രിസ്തീയ ഭക്തിഗാനആൽബങ്ങളിൽ സ്ഥിരം സാന്നിധ്യമായിരുന്നു സുജാത.

നെയ്യാറ്റിൻകര വാസുദേവൻ, കല്യാണസുന്ദരം ഭാഗവതർ, ഓച്ചിറ ബാലകൃഷ്ണൻ എന്നിവരുടെ കീഴിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ച സുജാത ഒമ്പതാം വയസ്സുമുതൽ യേശുദാസിനൊപ്പം ഗാനമേളകളിൽ പാടിത്തുടങ്ങി. രണ്ടായിരത്തോളം ഗാനമേളകളിൽ യേശുദാസിനൊപ്പം പാടിയ സുജാത അക്കാലത്ത് ‘കൊച്ചുവാനമ്പാടി’ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.

1975ൽ പുറത്തിറങ്ങിയ ‘ടൂറിസ്റ്റ് ബംഗ്ലാവ്’ എന്ന ചിത്രത്തിന് വേണ്ടി പാടിയാണ് സുജാത പിന്നണി ഗാനരംഗത്ത് എത്തുന്നത്. അതേ വർഷം ‘കാമം ക്രോധം മോഹം‘ എന്ന ചിത്രത്തിൽ യേശുദാസിനൊപ്പം പാടിയ സ്വപ്നം കാണും പെണ്ണേ... എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് കർപ്പൂര ദീപങ്ങൾ, ദൂരെ കിഴക്കുദിച്ചു, പൂവേ തുടങ്ങി സൂപ്പർ ഹിറ്റായ നിരവധി ഗാനങ്ങൾ. മലയാളത്തിന്റെ മാത്രമല്ല തമിഴിന്റെയും പ്രിയ ഗായികയാണ് സുജാത.