സംഗീതജീവിതം അവസാനിപ്പിക്കുന്നുവെന്നു സൂചന നൽകി അമേരിക്കൻ ഗായികയും ഗ്രാമി പുരസ്കാര ജേതാവുമായ ലിസോ.
നിരന്തരം നേരിടേണ്ടി വരുന്ന സൈബർ ആക്രമണങ്ങൾ തന്റെ മനസ്സിനെ അസ്വസ്ഥമാക്കി. പലരും തന്നെ അകറ്റി നിർത്തുകയും അനാദരവ് പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്നും ലിസോ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ജോ ബൈഡന്റെ ഇലക്‌ഷൻ ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് ന്യൂയോർക്കിൽ ലിസോ ഒരു സംഗീതപരിപാടി നടത്തിയിരുന്നു. പിന്നാലെ ഗായികയ്ക്കെതിരെ വിമർശനസ്വരങ്ങൾ തലപൊക്കി. സൈബർ ആക്രമണം രൂക്ഷമായപ്പോഴാണ് താൻ എല്ലാം അവസാനിപ്പിക്കുകയാമെന്നു സൂചിപ്പിച്ച് കുറിപ്പുമായി ലിസോ എത്തിയത്.
‘ജീവിതത്തിലും ഇന്റർനെറ്റിലും എല്ലാവരാലും വലിച്ചിഴക്കപ്പെടുന്നതു സഹിച്ച് ഞാൻ മടുത്തു. സംഗീതം സൃഷ്ടിക്കുകയും ആളുകളെ സന്തോഷിപ്പിക്കുകയും ചെയ്യണമെന്നു ഞാൻ ആഗ്രിഹിക്കുന്നു. അതു മാത്രമാണ് എനിക്ക് ആവശ്യം. എന്നാൽ ലോകം എന്നെ ആഗ്രഹിക്കുന്നില്ലെന്ന് എനിക്കു തോന്നിത്തുടങ്ങി.
കാഴ്ചക്കാരെ സൃഷ്ടിക്കാൻ പലരും എനിക്കെതിരെ പ്രചരിപ്പിക്കുന്ന നുണകളെ ഞാനെപ്പോഴും എതിർത്തിട്ടുണ്ട്. എന്റെ ശരീരപ്രകൃതം നോക്കി പലരും തമാശകൾ മെനഞ്ഞെടുക്കുന്നു. എന്നെ അറിയാത്ത ആളുകൾ എന്നെ അകറ്റിനിർത്തുകയും എന്റെ പേരിനോട് അനാദരവ് കാണിക്കുകയും ചെയ്യുന്നു. അതിനാൽ ഞാൻ എല്ലാം ഉപേക്ഷിക്കുന്നു’, ലിസോ കുറിച്ചു.
ഗായികയുടെ വാക്കുകൾ ഇപ്പോൾ സജീവചർച്ചാ വിഷയമായിരിക്കുകയാണ്. നിരവധി പേർ ലിസോയ്ക്കു പിന്തുണ പ്രഖ്യാപിച്ചു രംഗത്തെത്തുന്നുണ്ട്. അതേസമയം, മറുവശത്ത് സൈബർ ആക്രമണങ്ങൾ രൂക്ഷമാവുകയും ചെയ്യുന്നു.