ഇടയ്ക്കിടെ ടിക്സ് അഥവാ ഞെട്ടൽ വരുന്ന രോഗാവസ്ഥയായ ട്യൂററ്റ് സിൻഡ്രോമിനെ സംഗീതത്തിലൂടെ അതിജീവിക്കുന്ന ഗായികയാണ് എലിസബത്ത് എസ്.മാത്യു.
കഴിഞ്ഞ ദിവസം ഞെട്ടലുകൾ വരാതെ പാടുന്ന ഒരു വിഡിയോ എലിസബത്ത് ഔദ്യോഗിക പേജിൽ പങ്കുവച്ചിരുന്നു. 'അസുഖം മാറിയോ' എന്നായിരുന്നു ആ വിഡിയോ കണ്ടവർക്കെല്ലാം ചോദിക്കാനുണ്ടായിരുന്നത്. അവർക്കുള്ള മറുപടിയും തന്റെ രോഗാവസ്ഥയും എലിസബത്ത് മനോരമ ഓൺലൈനിനോടു പങ്കുവയ്ക്കുന്നു
ട്യൂററ്റ് സിൻഡ്രോമിന്റെ ഭാഗമായുള്ള ഞെട്ടൽ അഥവാ 'ടിക്സ്' എപ്പോഴും ഒരുപോലെ ആയിരിക്കില്ല. ചില സമയത്തു കൂടും, ചിലപ്പോൾ കുറയും. ഏതു സമയത്താണ് കൂടുന്നതെന്നോ കുറയുന്നതെന്നോ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല.
ഉത്കണ്ഠ വരുമ്പോഴോ അതിയായ സന്തോഷം വരുമ്പോഴോ ടിക്സ് വല്ലാതെ കൂടും. യാതൊരു ടെൻഷനുമില്ലാതെ ശാന്തമായിരിക്കുമ്പോഴും ചിലപ്പോൾ ടിക്സ് വരാറുണ്ട്. ടിക്സ് കുറഞ്ഞിരുന്ന സമയത്തു വെറുതെ പാടിയപ്പോൾ എടുത്ത വിഡിയോ ആണ് പേജിൽ പോസ്റ്റ് ചെയ്തത്.
എന്തോ ഭാഗ്യത്തിന് ടിക്സ് ഇല്ലാതെ ആ പാട്ട് പൂർത്തിയാക്കാൻ പറ്റി. ആ സമയത്ത് രണ്ടു വിഡിയോ എടുത്തിരുന്നു. അതിൽ ആദ്യത്തേതാണ് പോസ്റ്റ് ചെയ്തത്. രണ്ടാമത് 'ജീവാംശമായി' എന്ന പാട്ടായിരുന്നു. പക്ഷേ, അതു പാടിയപ്പോൾ ടിക്സ് വന്നു.
ടിക്സ് ഇല്ലാതെ പലപ്പോഴും ഞാൻ പാടിയിട്ടുണ്ട്. വീട്ടിൽ മാതാപിതാക്കളുടെ അടുത്ത് വെറുതെ ഇരിക്കുമ്പോഴാണ് അതു സംഭവിക്കാറുള്ളത്. ചുമ്മാ വർത്തമാനം പറഞ്ഞിരിക്കുന്നതിനിടയിൽ പാടുമ്പോൾ അധികം ടിക്സ് വരാറില്ല. പക്ഷേ, അതൊന്നും വിഡിയോ എടുത്തിരുന്നില്ല. വിഡിയോ എടുക്കാൻ തുടങ്ങുമ്പോൾ ഞാൻ അതിനെക്കുറിച്ച് ബോധവതിയാകും. അപ്പോൾ ടിക്സ് വരും.
മുൻപ് ലയിച്ചു പാടിയതു പോലെ എനിക്കിപ്പോൾ സാധിക്കുന്നില്ല. സ്കൂളിൽ പാടിയിരുന്ന സമയത്ത് ഇത്രയും ടിക്സ് ഉണ്ടായിരുന്നില്ല. അപ്പോൾ പാട്ടിൽ ലയിച്ചു പാടാൻ കഴിയുമായിരുന്നു. ഇപ്പോൾ അത്രയും കഴിയുന്നില്ല. എങ്കിലും ഞാൻ പരമാവധി ശ്രമിക്കുന്നുണ്ട്.
എന്റെ പാട്ടുകൾ കേൾക്കാൻ ആഗ്രഹിക്കുന്ന ഒരുപാടു പേരുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് വലിയ സന്തോഷം അനുഭവിച്ചത്. അലോപ്പതി ചികിത്സ തുടരുകയാണ്. മരുന്നുകൾ കഴിക്കുന്നുണ്ട്. പക്ഷേ, കാര്യമായ വ്യത്യാസമൊന്നും ഇതുവരെ സംഭവിച്ചിട്ടില്ല.