‘വയലിനിസ്റ്റ് ബാലഭാസ്കർ’! വയലിൻ സംഗീതത്തിന്റെ എല്ലാ അർഥങ്ങളും ഈ പേരിലുണ്ട്. സംഗീതം എന്ന മൂന്നക്ഷരമായിരുന്നു ബാലഭാസ്കറിന്റെ ജീവശ്വാസം
ഓരോ ഇരുത്തങ്ങളിലും ചർച്ചകളിലും ബാലഭാസ്കർ എന്ന ബാലു സംസാരിച്ചിരുന്നതും അതു തന്നെ. വയലിൻ കമ്പികൾകൊണ്ട് മാന്ത്രിക സംഗീതത്തിന്റെ അനന്തവിഹായസ്സിലേയ്ക്ക് ചിറകു വിടർത്തിയ പകരക്കാരനില്ലാത്ത പ്രതിഭ.
എല്ലാ താളവും ശ്രുതിയും പാതിവഴിയിൽ ഉപേക്ഷിച്ച് സംഗീതലോകത്തോടു യാത്ര പോലും പറയാതെ ബാലു മറഞ്ഞപ്പോൾ അനാഥമായത് അക്ഷരാർഥത്തിൽ വയലിൻ സംഗീതമാണ്. ഒത്തുകൂടലുകളും ആഘോഷങ്ങളും ഏറെ ഇഷ്ടപ്പെട്ടിരുന്ന ബാലു പോയതോടെ കൈചേർത്തു പിടിച്ച് കൂടെ നടന്നവരുടെ സന്തോഷങ്ങളും അവസാനിച്ചു.
ബാലഭാസ്കറും കുടുംബവും വാഹനാപകടത്തിൽപ്പെട്ടുവെന്ന വാർത്ത കേട്ട് ഞെട്ടലോടെയാണ് 2018 സെപ്റ്റംബർ 25ന് കേരളം ഉണർന്നത്. ഈണവും താളവും മുറിയാതെ ശ്രുതിമീട്ടി വീണ്ടും ബാലു തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ കേരളം കാത്തിരുന്നു. എന്നാൽ പ്രാർഥനകൾ വിഫലമാക്കി ഒക്ടോബർ രണ്ട് നാടിനെ കണ്ണീരണിയിച്ചു.
മൂന്നാം വയസിൽ ബാലുവിന് കിട്ടിയ കളിപ്പാട്ടമായിരുന്നു വയലിൻ. പിന്നീട് അത് ജിവിതത്തോട് ഇഴചേരുകയായിരുന്നു, ശരീരത്തിലെ ഒരവയവം പോലെ.ബാലഭാസ്കറിന്റെ കയ്യിലിരുന്നാവും പലരും വ്യത്യസ്തമായ വയലിനുകൾ കാണുന്നത്.
കേരളത്തിൽ ആദ്യമായി ഇലക്ട്രിക് വയലിൻ പരിചയപ്പെടുത്തിയത് ബാലഭാസ്കർ ആയിരുന്നു. ഫ്യൂഷൻ സംഗീതത്തിന്റെ അനന്തസാധ്യതകളാണ് ആ മാന്ത്രിക വിരലുകളിൽ വിരിഞ്ഞത്.