മലയാള സിനിമാസംഗീതത്തിന് ലളിതവും മനോഹരവുമായ ഗാനങ്ങൾ സമ്മാനിച്ച എം.ജി.രാധാകൃഷ്ണന്റെ 84ാം ജന്മവാർഷികമാണിന്ന്.
ആവർത്തിച്ചു കേൾക്കാൻ തോന്നിപ്പിക്കുന്ന നിരവധി അനശ്വര ഗാനങ്ങൾ മലയാളിക്കു സമ്മാനിച്ച എം.ജി.രാധാകൃഷ്ണൻ, എഴുപതാം പിറന്നാൾ ആഘോഷിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കവെയാണ് 2010 ജൂലൈ 2ന് ഈ ലോകത്തോടു വിട പറഞ്ഞത്.
അവസാന കാലത്ത് കരൾ സംബന്ധമായ അസുഖങ്ങളും മറ്റും കൊണ്ട് അദ്ദേഹം ഏറെ കഷ്ട്ടപ്പെട്ടിരുന്നു. മരിക്കുന്നതിന്റെ തലേ വർഷം മുതൽ ആശുപത്രിയും വീടും മാത്രമായിരുന്നു എം.ജി.രാധാകൃഷ്ണന്റെ ജീവിതം.
1940 ജൂലൈ 29ന് പ്രശസ്ത ഹാർമോണിസ്റ്റും ശാസ്ത്രീയ സംഗീതജ്ഞനുമായിരുന്ന മലബാർ ഗോപാലൻ നായരുടേയും ഗായികയും സംഗീതാധ്യാപികയുമായിരുന്ന കമലാക്ഷിയമ്മയുടേയും മകനായി ജനിച്ച എം.ജി.രാധാകൃഷ്ണൻ ചെറുപ്പം മുതൽ സംഗീതം അഭ്യസിച്ചു തുടങ്ങിയിരുന്നു.
തിരുവനന്തപുരം സ്വാതി തിരുന്നാൾ അക്കാദമിയിൽ നിന്ന് സംഗീത പഠനം പൂർത്തിയാക്കിയ എം ജി രാധാകൃഷ്ണൻ, 1962ൽ ആകാശവാണിയിൽ ജോലിയിൽ പ്രവേശിച്ചു.
ആകാശവാണിക്കുവേണ്ടി നിരവധി ലളിതഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുള്ള അദ്ദേഹം ജി. അരവിന്ദന്റെ തമ്പിലൂടെയാണ് സിനിമാ സംഗീതത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.
സർവകലാശാല, ഞാൻ ഏകനാണ്, അച്ഛനെയാണെനിക്കിഷ്ടം, മണിച്ചിത്രത്താഴ്, ദേവാസുരം, അദ്വൈതം, മിഥുനം, അഗ്നിദേവൻ, കണ്ണെഴുതി പൊട്ടുംതൊട്ട്, രക്തസാക്ഷികൾ സിന്ദാബാദ്, വെള്ളാനകളുടെ നാട്, കാറ്റ് വന്ന് വിളിച്ചപ്പോൾ, അനന്തഭദ്രം തുടങ്ങിയ നിരവധി സിനിമകളിൽ ശ്രദ്ധേയമായ പാട്ടുകൾ ചെയ്തിട്ടുണ്ട്.