മണിച്ചിത്രത്താഴിലെ ‘പഴന്തമിഴ് പാട്ടിഴയും’ എന്ന ഗാനം പാടാൻ ഏറെ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ അതിനുള്ള അവസരം ലഭിച്ചില്ലെന്നും വെളിപ്പെടുത്തി ഗായകൻ എം.ജി.ശ്രീകുമാർ.
ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി പുറത്തിറക്കുന്ന ‘ഓർമകൾ’ എന്ന സംവാദന പരമ്പരയിൽ ആണ് എം.ജി.ശ്രീകുമാർ ഇക്കാര്യം തുറന്നുപറഞ്ഞത്. ജ്യേഷ്ഠനും സംഗീതസംവിധായകനുമായ എം.ജി.രാധാകൃഷണനെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ചപ്പോഴായിരുന്നു നടക്കാതെ പോയ ആഗ്രഹത്തെക്കുറിച്ചും ശ്രീകുമാർ മനസ്സു തുറന്നത്.
‘പഴന്തമിഴ് പാട്ടിഴയും ശ്രുതിയിൽ എന്ന ഗാനം പാടാൻ ഞാൻ ഏറെ ആഗ്രഹിച്ചിരുന്നു. ട്രാക്ക് എങ്കിലും പാടാൻ കഴിയുമെന്നു പ്രതീക്ഷിച്ചു. പക്ഷേ ആ റെക്കോർഡിങ് സെഷനിലേക്കു പോകാൻ എനിക്കു സാധിച്ചിട്ടേയില്ല.
മണിച്ചിത്രത്താഴിൽ ജി.വേണുഗോപാൽ ‘‘അക്കുത്തിക്കുത്താനക്കൊമ്പിൽ’’ എന്ന ഗാനം ആലപിച്ചു. മറ്റുള്ളവയെല്ലാം, ദാസേട്ടനാണ് പാടിയത്. പെൺസ്വരങ്ങളായി സുജാതയും ചിത്രയും. ആ സമയത്ത് ഞാൻ സ്റ്റുഡിയോയിലേക്കു പോയിട്ടേയില്ല. അതുകൊണ്ട് മറ്റ് വിശദാംശങ്ങളൊന്നും അറിയില്ല’, എം.ജി.ശ്രീകുമാർ പറഞ്ഞു.
എം.ജി.രാധാകൃഷ്ണനാണ് മണിച്ചിത്രത്താഴിനു വേണ്ടി സംഗീതസംവിധാനം നിർവഹിച്ചത്. ബിച്ചു തിരുമല, മധു മുട്ടം, തമിഴ് കവി വാലി എന്നിവർ പാട്ടുകളുടെ രചന നിർവഹിച്ചു.
ഇന്നും ചിത്രത്തിലെ പാട്ടുകൾക്ക് ആരാധകർ ഏറെയുണ്ട്. ചിത്രത്തിന്റെ റീ–റീലീസ് കൂടെ കഴിഞ്ഞതോടെ പാട്ടുകൾ വീണ്ടും ചർച്ചയാവുകയാണ്.