മലയാള സിനിമാരംഗത്ത് സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളും ലൈംഗികാതിക്രമങ്ങളും മറനീക്കി പുറത്തുവരുന്നതിനോടു പ്രതികരിച്ച് ഗായിക ചിന്മയി ശ്രീപദ.
മലയാള ചലച്ചിത്രമേഖലയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയെ ഗായിക പ്രശംസിച്ചു.
ലൈംഗികാതിക്രമത്തിനെതിരായ സ്ത്രീകളുടെ പോരാട്ടത്തിന് മലയാളിസമൂഹം നൽകുന്ന പിന്തുണ കാണുമ്പോൾ കേരളത്തിൽ ജനിച്ചിരുന്നെങ്കിലെന്ന് താൻ ആഗ്രഹിച്ചുപോവുകയാണെന്ന് ചിന്മയി അഭിപ്രായപ്പെട്ടു.
ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്നുണ്ടായ സംഭവവികാസങ്ങളെക്കുറിച്ചു ഗായിക വാചാലയായത്.
‘ഹേമ കമ്മിറ്റിയുടെ പിന്നിൽ പ്രവർത്തിച്ചവരെയും ഡബ്ല്യുസിസി അംഗങ്ങളുടെ കഠിനാധ്വാനത്തെയും അഭിനന്ദിക്കുന്നു. അവരാണ് എന്റെ സൂപ്പർ ഹീറോസ്.
സ്ത്രീകളെല്ലാവരും ഒറ്റക്കെട്ടായി നിന്നു. ഇതൊന്നും മറ്റു ഭാഷാ സിനിമാ മേഖലയില്‍ കാണാൻ സാധിക്കില്ല. ലൈംഗികാതിക്രമ പരാതിയുമായി മുന്നോട്ടു വരുന്ന സ്ത്രീകൾക്കു ലഭിക്കുന്ന പിന്തുണ കാണുമ്പോൾ എനിക്ക് അസൂയ തോന്നുന്നു. ചിന്മയി ശ്രീപദ പറഞ്ഞു.