ഹിമാചൽ പ്രദേശിലെ 68 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന്. രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണ് വോട്ടെടുപ്പ്. ഡിസംബർ എട്ടിനാണ് ഫലപ്രഖ്യാപനം
വോട്ടെടുപ്പിനായി 7,884 പോളിങ് സ്റ്റേഷനുകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ സജ്ജീകരിച്ചിട്ടുണ്ട്. ആകെ 55.74 ലക്ഷം വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്.
തുടർഭരണം പ്രതീക്ഷിക്കുന്ന ബിജെപിയും ഭരണവിരുദ്ധ വികാരം അനുകൂലമാകുമെന്ന പ്രതീക്ഷയിൽ കോൺഗ്രസും നേർക്കുനേർ ഏറ്റുമുട്ടുന്ന തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയും സാന്നിധ്യമറിയിക്കുന്നു. ഇരുപാർട്ടികൾക്കും വിമതശല്യവും കൂടുതലാണ്. 68 അംഗ നിയമസഭയിൽ, നിലവിൽ ബിജെപിക്ക് 45 സീറ്റുണ്ട്, കോൺഗ്രസിന് 22 സീറ്റും സിപിഎമ്മിന് ഒരു സീറ്റുമാണുള്ളത്.
പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുമെന്ന കോൺഗ്രസ് വാഗ്ദാനം, സ്ത്രീകൾക്കായി വൻ സൗജന്യങ്ങൾ പ്രഖ്യാപിച്ച ബിജെപിയുടെ പ്രകടന പത്രിക, അഗ്നിപഥ്, വിലക്കയറ്റം, തൊഴിലില്ലായ്മ, ആപ്പിൾ കർഷകരുടെ പ്രതിസന്ധി തുടങ്ങിയവയാണ് ഹിമാചൽ തിരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങൾ.
ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുടെ സംസ്ഥാനമായ ഹിമാചലിൽ, ഭരണത്തുടർച്ച നേടി ചരിത്രം തിരുത്തി കുറിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുൻനിർത്തിയായിരുന്നു ബിജെപിയുടെ പ്രചാരണം. പക്ഷേ, പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളും വിമതശല്യവും ശക്തമാണ്.
വീർഭദ്ര സിങ്ങിന്റെ മരണത്തെത്തുടർന്ന് നേതൃപരമായ പ്രതിസന്ധി നേരിടുന്ന കോണ്‍ഗ്രസ്, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രചാരണം നയിച്ചത്. ഭരണവിരുദ്ധവികാരവും ഉപതിരഞ്ഞെടുപ്പുകളിലെ വിജയവും കോണ്‍ഗ്രസിന് കരുത്താണ്. വിമതശല്യവും നേതാക്കള്‍ക്കിടയിലെ കിടമത്സരവും കോൺഗ്രസിലും ശക്തമാണ്.