ഗാനരചയിതാവ് ബീയാർ പ്രസാദ് (62) അന്തരിച്ചു. നടൻ, അവതാരകൻ, സഹസംവിധായകൻ, തിരക്കഥാകൃത്ത്, എഴുത്തുകാരൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. അറുപതോളം സിനിമകൾക്കു പാട്ടെഴുതിയിട്ടുണ്ട്. എട്ടു പ്രഫഷനൽ നാടകങ്ങളടക്കം നാൽപതിലേറെ നാടകങ്ങളുടെ രചയിതാവാണ്.
പ്രിയദർശന്റെ ‘കിളിച്ചുണ്ടൻ മാമ്പഴ’ത്തിലൂടെയാണ് ഗാനരചയിതാവായി അരങ്ങേറിയത്. ‘ഒന്നാംകിളി പൊന്നാൺകിളി... ’, ‘കേരനിരകളാടും ഒരുഹരിത ചാരുതീരം’, ‘മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി..’ തുടങ്ങിയവയാണ് ശ്രദ്ധേയ ഗാനങ്ങൾ. ചലച്ചിത്രങ്ങൾക്കും ആല്‍ബങ്ങൾക്കും അടക്കം ഇരുനൂറോളം ഗാനങ്ങൾ എഴുതിയിട്ടുണ്ട്.
മങ്കൊമ്പ് മായാസദനത്തിലെ ബി. രാജേന്ദ്രപ്രസാദ് ചെറുപ്പത്തിൽ കഥയെഴുതിത്തുടങ്ങിയപ്പോഴാണ് ബി.ആർ. പ്രസാദ് എന്നു പേരുമാറ്റിയത്. അതേ പേരിൽ മറ്റൊറെഴുത്തുകാരനുണ്ടെന്ന് അറിഞ്ഞപ്പോഴാണ് പേര് ബീയാർ പ്രസാദ് എന്നു പരിഷ്കരിച്ചത്.