വൈവിധ്യമാർന്ന കഥാപാത്രങ്ങളെ തന്മയത്വത്തോടെ മികവുറ്റതാക്കിയ മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്ര താരവും ചാലക്കുടി മുൻ എംപിയുമായ ഇന്നസന്റ് (75) അന്തരിച്ചു.
മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി 18 വർഷം പ്രവർത്തിച്ചു.
ഹാസ്യനടനും സ്വഭാവ നടനുമായി ഒരേപോലെ തിളങ്ങിയ ഇന്നസന്റ് മലയാളം, തമിഴ്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലായി എഴുനൂറ്റൻപതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
1989ൽ മികച്ച സഹനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും (‘മഴവിൽക്കാവടി’) നിർമാതാവെന്ന നിലയിൽ 1981ലും (‘വിട പറയും മുൻപേ’), 1982ലും (‘ഓർമയ്ക്കായ്’) മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടി.
2009ൽ ‘പത്താം നിലയിലെ തീവണ്ടി’ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള കേരള സ്റ്റേറ്റ് ഫിലിം ക്രിറ്റിക്സ് പുരസ്കാരത്തിന് അർഹനായി.
ചലച്ചിത്ര നിർമാതാവ്, വ്യവസായി, ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.