ജനനായകൻ ഇനി ഓർമ

6f87i6nmgm2g1c2j55tsc9m434-list 35l3q13s9j4jvntt9qoeiqjbib 534m6attf0j97rrgcs3o1frbq7-list

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി (79) അന്തരിച്ചു

അർബുദത്തിന് ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയിൽ ഇന്നു പുലർച്ചെ 4.25നായിരുന്നു ഉമ്മൻ ചാണ്ടിയുടെ അന്ത്യം

ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം ഇന്ന് പ്രത്യേക വിമാനത്തിൽ ബെംഗളൂരുവിൽ നിന്നും തിരുവനന്തപുരത്ത് എത്തിക്കും, സംസ്കാരം വ്യാഴാഴ്ച 2.30 ന് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. നടക്കും.

കെപിസിസി ആസ്ഥാനത്തും ദർബാർ ഹാളിലും പൊതുദർശനമുണ്ടാകും., മുൻ മുഖ്യമന്ത്രിയോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു, രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു.

അരനൂറ്റാണ്ടിലേറെ നിയമസഭാംഗമായിരുന്ന ഉമ്മൻചാണ്ടിയുടെ പേരിലാണ് ഏറ്റവും കൂടുതൽ കാലം നിയമസഭാ സാമാജികനായിരുന്നതിന്റെ റെക്കോർഡ്.

1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി പന്ത്രണ്ട് തവണയാണ് നിയമസഭയിലെത്തിയത്. രണ്ടു തവണയായി ഏഴു വർഷം മുഖ്യമന്ത്രിയായിരുന്നു.

തൊഴിൽ, ആഭ്യന്തരം, ധനകാര്യം എന്നീ വകുപ്പുകളുടെ മന്ത്രിയായും പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എഐസിസി ജനറൽ സെക്രട്ടറിയുമാണ്.

1943 ഒക്ടോബർ 31 ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ.ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്താണ് ഉമ്മൻ ചാണ്ടി ജനിച്ചത്.

മുത്തച്ഛൻ വി.ജെ.ഉമ്മൻ തിരുവിതാംകൂറിലെ ആദ്യ നിയമസഭയായ ട്രാവൻകൂർ ലെജിസ്ലേറ്റീവ് കൗൺസിലിൽ അംഗമായിരുന്നു.

പുതുപ്പള്ളി എംഡി സ്കൂൾ, സെന്റ് ജോർജ് ഹൈസ്കൂൾ, കോട്ടയം സിഎംഎസ്. കോളജ്, ചങ്ങനാശേരി എസ്ബി കോളജ്, എറണാകുളം ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

സ്കൂൾകാലത്ത് അഖിലകേരള ബാലജനസഖ്യത്തിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. അക്കാലത്തു തന്നെ കെഎസ്‌യുവിലൂടെ സംഘടനാ പ്രവർത്തനമാരംഭിച്ചു, 1970 ൽ, 27 ാം വയസ്സിൽ പുതുപ്പള്ളിയിൽനിന്ന് ആദ്യമായി നിയമസഭയിലെത്തി. സിപിഎമ്മിന്റെ സിറ്റിങ് സീറ്റായിരുന്ന പുതുപ്പള്ളിയിൽ അന്നത്തെ എംഎൽഎ ഇ.എം. ജോർജിനെയാണ് പരാജയപ്പെടുത്തിയത്. പിന്നീട് ഇന്നുവരെ ഉമ്മൻ ചാണ്ടി പുതുപ്പള്ളി മണ്ഡലത്തിൽ അജയ്യനായി തുടർന്നു. .

1962 ൽ കെഎസ്‌യു കോട്ടയം ജില്ലാ സെക്രട്ടറിയായി. 65 ൽ സംസ്ഥാന ജനറൽ സെക്രട്ടറിയും 67 ൽ സംസ്ഥാന പ്രസിഡന്റുമായി. 69 ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു, 1977 ൽ ആദ്യ കരുണാകൻ മന്ത്രിസഭയിൽ തൊഴിൽ മന്ത്രിയായി. 82 ൽ ആഭ്യന്തരമന്ത്രിയും 91 ൽ ധനമന്ത്രിയുമായി. 1982 മുതൽ 86 വരെയും 2001 മുതൽ 2004 വരെയും യുഡിഎഫ് കൺവീനറായിരുന്നു. 2004 ൽ എ.കെ.ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതിനെത്തുടർന്ന് ആദ്യമായി മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടി 2011 ൽ വീണ്ടും മുഖ്യമന്ത്രിപദത്തിലെത്തി. 2006 മുതൽ 2011 വരെ പ്രതിപക്ഷ നേതാവുമായിരുന്നു