യുകെയിൽ ഏറ്റവുമധികം ആശ്രിത വീസ അനുവദിച്ചതിൽ രണ്ടാം സ്ഥാനം ഇന്ത്യക്കാർക്കാണെന്നു യുകെ സർക്കാരിന്റെ ഓഫിസ് ഓഫ് നാഷനൽ സ്റ്റാറ്റിസ്റ്റിക്സിന്റെ രേഖകൾ വ്യക്തമാക്കുന്നു.
സെപ്റ്റംബർ വരെയുള്ള ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ഇന്ത്യൻ വിദ്യാർഥികളുടെ ആശ്രിതർക്കായി 43,445 വീസയാണ് യുകെ അനുവദിച്ചത്.
2019ൽ ഇതു 2127 മാത്രമായിരുന്നു; 1900 മടങ്ങ് വർധന. ആശ്രിത വീസ ഏറ്റവുമധികം അനുവദിച്ചത് നൈജീരിയൻ വിദ്യാർഥികൾക്കാണ്: 60506.വിദേശ കുടിയേറ്റക്കാർ കൂടുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വീസ വ്യവസ്ഥകളിൽ കടുത്ത നിയന്ത്രണം വരുത്തുന്നത്.
ഗവേഷണവുമായി ബന്ധപ്പെട്ട പ്രോഗ്രാമുകൾ ഒഴികെ ബിരുദാനന്തര പഠനത്തിനെത്തുന്ന വിദ്യാർഥികൾക്ക് ഇനി ആശ്രിതരെ കൊണ്ടുവരാനാകില്ല. 9 മാസവും അതിൽക്കൂടുതൽ കാലവും ബിരുദാനന്തര പഠനത്തിനെത്തുന്ന വിദേശ വിദ്യാർഥികൾക്ക് പങ്കാളികളെയും മക്കളെയും ഒപ്പം കൊണ്ടുവരാൻ ഇതുവരെ അനുമതിയുണ്ടായിരുന്നു.
സെപ്റ്റംബർ വരെ 133,237 സ്റ്റഡി വീസയാണ് ഇന്ത്യക്കാർക്ക് യുകെ അനുവദിച്ചത്. ആകെയുള്ള വിദ്യാർഥി വീസയുടെ 27% ആണിത്. കഴിഞ്ഞ വർഷത്തെക്കാൾ 5804 വീസ അധികം അനുവദിച്ചു.
2023 സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തെ കണക്കു നോക്കിയാൽ സ്റ്റുഡന്റ് വീസയിലും സർവകാല റെക്കോർഡാണ്. 4,86,107 സ്റ്റുഡന്റ് വീസകളാണ് ഇക്കാലയളവിൽ അനുവദിച്ചത്. ഇന്ത്യയ്ക്കു പിന്നിൽ ചൈനയാണു രണ്ടാമത്. നൈജീരിയ, പാക്കിസ്ഥാൻ മൂന്നും നാലും സ്ഥാനങ്ങളിൽ.