മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ചോദ്യംചെയ്യലിന് മുഖ്യമന്ത്രി അരവിന്ദ് കേജ‍്‍രിവാൾ ഇന്നും ഹാജരാകാൻ സാധ്യതയില്ലെന്ന് സൂചന.
എഎപി നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഹാജരാകാൻ സാധ്യതയില്ലെന്നാണ് പാർട്ടി നേതാക്കൾ പറയുന്നത്. അവസാന നിമിഷം തീരുമാനം മാറ്റി ഇ.ഡി ഓഫിസിൽ എത്തുമോയെന്ന സംശയവും ഉയർന്നിട്ടുണ്ട്.
ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അഞ്ചാം തവണയാണ് ഇ.ഡി നോട്ടിസ് നൽകിയത്. മുൻപ് നാലു തവണയും ആവശ്യം കേജ‍്‍രിവാൾ തള്ളിയിരുന്നു.
മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ച് വിവരങ്ങൾ തേടുന്നതിനാണു മുഖ്യമന്ത്രിയെ വിളിപ്പിച്ചത്. എന്നാൽ ഇ.ഡിയുടെ നീക്കം രാഷ്ട്രീയ പ്രേരിതമെന്നാണ് എഎപിയുടെ ആരോപണം
ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേജ്‍രിവാളിനെ ജയിലിൽ അടയ്ക്കാൻ ബിജെപി ശ്രമിക്കുന്നെന്നാണ് എഎപി കുറ്റപ്പെടുത്തുന്നത്. ഇന്നും ഹാജരായില്ലെങ്കിൽ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാൻ ഇ.ഡി നീക്കം നടത്തുമോയെന്ന ആശങ്ക എഎപിക്കുണ്ട്.
ജാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെ കഴിഞ്ഞ ദിവസം ഇ.ഡി അറസ്റ്റ് ചെയ്തതോടെ കേജ‍്‍രിവാളിന്റെ കാര്യത്തിലും സമാന നീക്കത്തിനു മുതിരുമോയെന്നാണ് പാർട്ടിയുടെ ആശങ്ക.