ബംഗാൾ മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ (80) അന്തരിച്ചു. ബംഗാളിലെ വീട്ടിൽ ഇന്ന് രാവിലെയോടെയാണ് അന്ത്യം. 2000 മുതൽ 2011 വരെ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യ അനാരോഗ്യം മൂലം 2018ൽ പാർട്ടിച്ചുമതലകൾ രാജിവച്ചിരുന്നു.
2019 ഫെബ്രുവരിക്കു ശേഷം പൊതുപരിപാടികളിലും പങ്കെടുത്തിരുന്നില്ല. ഇടതുമുന്നണിയുടെ കോട്ടയായിരുന്ന ബംഗാളിൽ ജ്യോതി ബസുവിന്റെ പിൻഗാമിയായി 2000ൽ മുഖ്യമന്ത്രിയായി. 2001, 2006 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മികച്ച ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തി. 2011ൽ കനത്ത പരാജയം നേരിട്ടു
ഉത്തര കൊൽക്കത്തയിൽ 1944 മാർച്ച് 1നു ജനിച്ച ബുദ്ധദേവ് പ്രസിഡൻസി കോളജിൽനിന്നു ബിരുദം നേടി. 1968ൽ ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ (ഡിവൈഎഫ്ഐ ) ബംഗാൾ സെക്രട്ടറിയായ അദ്ദേഹം 1971ൽ സിപിഎം സംസ്ഥാനകമ്മിറ്റി അംഗവും 1985ൽ കേന്ദ്ര കമ്മിറ്റി അംഗവുമായി.
ഇടതുമുന്നണി ബംഗാൾ ഭരണം പിടിച്ചെടുത്ത 1977ൽ കോസിപുരിൽനിന്ന് ആദ്യമായി നിയമസഭാംഗമായി. 1987ൽ പരാജയപ്പെട്ടെങ്കിലും അതേവർഷം തന്നെ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് മന്ത്രിയായി.
1987–96 കാലത്തു വാർത്താവിനിമയ, സാംസ്കാരിക വകുപ്പും 1996–99 കാലത്ത് ആഭ്യന്തരവും കൈകാര്യം ചെയ്തു. 2000 ജൂലൈയിൽ ഉപമുഖ്യമന്ത്രിയായ ബുദ്ധദേവ്, നവംബറിൽ ആരോഗ്യകാരണങ്ങളാൽ ജ്യോതിബസു സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നു മുഖ്യമന്ത്രിയായി. ഒപ്പം സിപിഎം പൊളിറ്റ് ബ്യൂറോ അംഗവുമായി.
2006-11 കാലത്ത് വ്യവസായങ്ങൾക്കായുള്ള കൃഷിഭൂമി ഏറ്റെടുക്കലാണു ബുദ്ധദേവ് സർക്കാരിനെതിരെ ജനരോഷം അഴിച്ചുവിട്ടത്. സിംഗൂർ, നന്ദിഗ്രാം, മിഡ്നാപുർ വിഷയങ്ങൾ ഉയർത്തിയ കൊടുങ്കാറ്റിൽ ബുദ്ധദേവിനും ഇടതുമുന്നണിക്കും കാലിടറി.സിപിഎം കേവലം 40 സീറ്റിൽ ഒതുങ്ങി. ജാദവ്പുരിൽ ബുദ്ധദേവും പരാജയപ്പെട്ടു.
2015ൽ വിശാഖപട്ടണം പാർട്ടി കോൺഗ്രസിൽ പിബിയിൽ നിന്നു ഒഴിവായി. കേന്ദ്രകമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവാണ്. രണ്ടു പതിറ്റാണ്ടിലേറെക്കാലം മന്ത്രിയായിരുന്നുവെങ്കിലും ലാളിത്യമായിരുന്നു മുഖമുദ്ര. ബംഗാളിഭാഷയിൽ അഗാധപാണ്ഡിത്യം നേടിയിരുന്ന അദ്ദേഹം ശ്രദ്ധേയമായ സാഹിത്യപഠനങ്ങളും വിവർത്തനങ്ങളും നടത്തിയിട്ടുണ്ട്. ഭാര്യ: മീര. മകൾ സുചേതന.