ഇന്ത്യയുടെ വിശ്വസ്ത വ്യവസായിക്ക്, ടാറ്റയുടെ മുൻ അമരക്കാരനു യാത്രാമൊഴി.
ലോകം കീഴടക്കാൻ ടാറ്റയ്ക്കു കരുത്തേകിയ രത്തൻ ടാറ്റ (86) ഇനി ഓർമ.
ടാറ്റ സൺസ് മുൻ ചെയർമാനായ അദ്ദേഹം ഇമെരിറ്റസ് ചെയർമാനായി പ്രവർത്തിച്ചുവരികയായിരുന്നു.
ഇന്നലെ രാത്രി പതിനൊന്നേമുക്കാലിനാണ് മരണം സംബന്ധിച്ച് ടാറ്റ സൺസിൽ നിന്ന് ഒൗദ്യോഗിക സ്ഥിരീകരണമുണ്ടായത്.
നവൽ എച്ച്.ടാറ്റയുടെയും സൂനുവിന്റെയും മകനായി 1937 ഡിസംബർ 28നു ജനിച്ച രത്തൻ ടാറ്റ അവിവാഹിതനാണ്. യുഎസിൽ ആർക്കിടെക്ടായിരുന്ന അദ്ദേഹം വീട്ടുകാരുടെ നിർബന്ധത്തെത്തുടർന്ന് ഇന്ത്യയിലേക്കു മടങ്ങുകയായിരുന്നു.
1962ൽ ടാറ്റ സ്റ്റീലിൽ ട്രെയ്നിയായി ജോലിയിൽ പ്രവേശിച്ചു. 1981ൽ ടാറ്റ ഇൻഡസ്ട്രീസ് ചെയർമാനായി. ജെ.ആർ.ഡി. ടാറ്റയുടെ പിൻഗാമിയായി 1991ൽ ടാറ്റയുടെ തലപ്പത്തെത്തി.
ടാറ്റയെ ലോകോത്തര ബ്രാൻഡാക്കി മാറ്റുന്നതിൽ വലിയ സംഭാവനകൾ നൽകിയ രത്തൻ പുതിയ സാങ്കേതിക മേഖലകളിലേക്കു ടാറ്റ കമ്പനികളെ നയിച്ചു.
6 ഭൂഖണ്ഡങ്ങളിലായി നൂറിലേറെ രാജ്യങ്ങളിൽ പടർന്നു കിടക്കുന്നതാണ് ടാറ്റയുടെ വ്യവസായ സാമ്രാജ്യം. ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ചു ടാറ്റയെ മുന്നോട്ടു നയിച്ചു.
ജീവകാരുണ്യത്തിനായി വരുമാനത്തിന്റെ വലിയൊരു ഭാഗം നീക്കിവച്ച രത്തൻ ടാറ്റ ഒട്ടേറെ ക്ഷേമപദ്ധതികൾ നടപ്പാക്കുന്നതിൽ മുൻകയ്യെടുത്തു. 2000ൽ പത്മഭൂഷണും 2008ൽ പത്മവിഭൂഷണും ലഭിച്ചു.