പണത്തിന്റെ ആവശ്യം ഏറിയും കുറഞ്ഞും ഉണ്ടാകും. എങ്കിലും, പണം ലഭിക്കുവാൻ കണ്ടെത്തുന്ന മാർഗ്ഗങ്ങൾ കുറ്റമറ്റതാണോ എന്ന് മനസിലാക്കി വായ്പ സ്വീകരിക്കുക.
ഭീതിപ്പെടുത്തുന്ന വാർത്തകളാണ് വായ്പ ആപ്പുകളുമായി ബന്ധപ്പെട്ട് വരുന്നത്. അപേക്ഷകരുടെ വിവരങ്ങൾ ശേഖരിച്ച് വിറ്റും, കഴുത്തറുപ്പൻ പലിശ ഈടാക്കിയുമാണിവ പ്രവർത്തിക്കുന്നത്
കർശനനടപടികൾ ഇവക്കെതിരെ എടുക്കണം. കൂടുതൽ നിയമങ്ങളും നിയന്ത്രണങ്ങളും വേണം. സർക്കാരും റിസർവ് ബാങ്കും നിയമ സംവിധാനങ്ങളും ഇക്കാര്യം ശ്രദ്ധിക്കണം.
വായ്പ തിരിച്ചടയ്ക്കുന്ന കാര്യത്തിനായി സമീപിക്കുമ്പോഴും താഴെ പറയുന്ന മര്യാദകൾ പാലിക്കണം
രാവിലെ എട്ടു മണിക്ക് ശേഷവും വൈകീട്ട് ഏഴു മണിക്ക് മുൻപും മാത്രമേ കളക്ഷൻ പ്രമാണിച്ച ഫോണുകളോ സന്ദര്‍ശനങ്ങളോ പാടുള്ളൂ. മറ്റൊരു സമയമാണെങ്കിൽ അതിനു ഇടപാടുകാരുടെ സൗകര്യവും സമ്മതവും വേണം.
കളക്ഷൻ ഏജൻറ് മാന്യമായേ ഇടപാടുകാരോട് സംസാരിക്കാവൂ. യാതൊരു കാരണവശാലും അസഭ്യമായോ അധിക്ഷേപ രീതിയിലോ സംസാരിക്കുവാൻ പാടില്ല. ഭീഷണിപ്പെടുത്തുകയോ മറ്റേതെങ്കിലും രീതിയിൽ ശല്യപ്പെടുത്തുകയോ ചെയ്യരുത്.
കുടുംബാംഗങ്ങളുടെയോ, സുഹൃത്തുക്കളുടെയോ സ്വകാര്യതകളിലേക്കു കടന്നു കയറരുത്. അനുചിതമായ സന്ദേശങ്ങൾ മൊബൈൽ വഴിയോ സാമൂഹ്യ മാധ്യമങ്ങൾ വഴിയോ അയക്കുവാൻ പാടില്ല
പേരുവെളിപ്പെടുത്താതെയോ ഭീഷണിയുടെ സ്വരത്തിലോ ഉള്ള ഫോൺ വിളികൾ ചെയ്യരുത്. ഇടപാടുകാരെ നിരന്തരം ഫോണിൽ വിളിച്ചു ശല്യപ്പെടുത്തരുത്
വിനയം, ന്യായമായ പെരുമാറ്റം, അനുനയം എന്നീ മൂല്യങ്ങളിൽ അധിഷ്ഠിതമായിരിക്കണം കളക്ഷൻ പോളിസിയെന്ന് ബാങ്കിങ് കോഡ്‌സ് ആൻഡ് സ്റ്റാൻഡേർഡ്‌സ് ബോർഡ് ഓഫ് ഇന്ത്യ (BCSBI) അനുശാസിക്കുന്നു