ഐഎസ്എൽ സെമിഫൈനലുകളിലെ മികച്ച റെക്കോർഡ് കാത്തുസൂക്ഷിച്ച് ജംഷ്ഡ്പുർ എഫ്‍സിക്കെതിരായ ആദ്യപാദ സെമിയിൽ വിജയക്കൊടി നാട്ടി കേരള ബ്ലാസ്റ്റേഴ്സ്.
മത്സരത്തിന്റെ 38–ാം മിനിറ്റിൽ ജംഷഡ്പുർ പ്രതിരോധത്തിന്റെ പിഴവു മുതലെടുത്ത് സഹൽ അബ്ദുൽ സമദാണ് കേരള ബ്ലാസ്റ്റേഴ്സിന് ലീഡ് സമ്മാനിച്ചത്.
രണ്ടാം പകുതിയിൽ യുറഗ്വായ് താരം അഡ്രിയൻ ലൂണയുടെ ഫ്രീകിക്ക് പോസ്റ്റിൽത്തട്ടി തെറിച്ചത് ബ്ലാസ്റ്റേഴ്സിന് നിരാശയായി.
സൂപ്പർതാരം ഡാനിയൽ ചീമ ആദ്യപകുതിയിൽ രണ്ട് സുവർണാവസരങ്ങൾ പാഴാക്കിയത് ജംഷഡ്പുരിന് തിരിച്ചടിയായി.
ജംഷഡ്പുരിന്റെ പേരുകേട്ട ആക്രണത്തിൽനിന്ന് കോട്ടകെട്ടി ബ്ലാസ്റ്റേഴ്സിനെ കാത്ത ഹോർമിപാമാണ് ഹീറോ ഓഫ് ദ് മാച്ച്.
ഈ മത്സരത്തിലൂടെ ജംഷഡ്പുരിന്റെ മലയാളി ഗോൾകീപ്പർ ടി.പി. രഹനേഷ് ഐഎസ്എലിൽ 100 മത്സരം തികച്ചു.