കരുത്തരായ ജംഷഡ്പുർ എഫ്‍സിയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ ഫൈനലിൽ. രണ്ടാം പാദ സെമിയിൽ ജംഷഡ്പുരിനെ 1–1ന് സമനിലയിൽ തളച്ച ബ്ലാസ്റ്റേഴ്സ്, ഇരുപാദങ്ങളിലുമായി 2–1ന്റെ ലീഡ് നേടിയാണ് ഫൈനലിലെത്തിയത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ അഡ്രിയൻ ലൂണയാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്.
ജംഷഡ്പുരിന്റെ വിവാദത്തിന്റെ ചുവയുള്ള സമനില ഗോൾ 50–ാം മിനിറ്റിൽ പ്രണോയ് ഹാൾദർ നേടി.
മത്സരത്തിന്റെ ആദ്യ മിനിറ്റിൽത്തന്നെ ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെ കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ച സുവർണാവസരം സ്പാനിഷ് സ്ട്രൈക്കർ അൽവാസോ വാസ്ക്വസ് അവിശ്വസനീയമായ വിധത്തിൽ പുറത്തേക്കടിച്ചു കളഞ്ഞിരുന്നു.
അധ്വാനിച്ചു കളിച്ച അർജന്റീന താരം ഹോർഹെ പെരേര ഡയസിനും ഒന്നു രണ്ടു സുവർണാവസരങ്ങൾ ലഭിച്ചെങ്കിലും മുതലാക്കാനായില്ല.
ലീഗ് ഷീൽഡ് വിന്നേഴ്സ് എന്ന പകിട്ടുമായെത്തിയ ജംഷഡ്പുർ എഫ്‍സിയെ നിഷ്പ്രഭരാക്കുന്ന പ്രകടനത്തോടെയാണ് ബ്ലാസ്റ്റേഴ്സ് കലാപ്പോരാട്ടത്തിന് ടിക്കറ്റെടുത്തത്.