2002 മുതൽ ഇന്ത്യൻ ക്രിക്കറ്റിലെ തിളങ്ങുന്ന മുഖമാണ് ജുലൻ ഗോസ്വാമി എന്ന ബംഗാൾ സ്വദേശിനി. ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച പേസർമാരിലൊരാൾ.
അഞ്ചടി 11 ഇഞ്ച് ഉയരത്തിന്റെ ആനുകൂല്യവും കൃത്യതയുള്ള പന്തുകളും മൂലം ഈ വലംകൈ ഫാസ്റ്റ് ബോളർ 2 പതിറ്റാണ്ടോളം എതിരാളികളുടെ പേടിസ്വപ്നമായിരുന്നു.
ബംഗാളിലെ നദിയ ജില്ലയിൽ ചാ എന്ന ഉൾഗ്രാമത്തിൽ പെൺകുട്ടികൾക്ക് വേണ്ടത്ര പരിശീലന സൗകര്യങ്ങൾ കിട്ടാതെ വന്നിട്ടും ജുലൻ അടങ്ങിയിരുന്നില്ല. കൂടുതൽ പരിശീലനത്തിനായി 80 കിലോമീറ്റർ അകലെയുള്ള കൊൽക്കത്തയിലേക്കു ട്രെയിനിൽ ദിവസവും പോയി തിരിച്ചു വന്നു.
2002 ൽ പത്തൊൻപതാം വയസ്സിൽ ചെന്നൈയിൽ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു ഏകദിന അരങ്ങേറ്റം. ടെസ്റ്റ് അരങ്ങേറ്റവും (2002), ട്വന്റി20 അരങ്ങേറ്റവും (2006) അവർക്കെതിരെ തന്നെ.
2010 ൽ അർജുന അവാർഡും 2012ൽ പത്മശ്രീയും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.
ഏകദിന ക്രിക്കറ്റിൽ 200 വിക്കറ്റും 250 വിക്കറ്റും സ്വന്തമാക്കുന്ന ആദ്യ വനിതാ ക്രിക്കറ്റർ.
300 രാജ്യാന്തര വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വനിതാ ക്രിക്കറ്റർ തുടങ്ങി നേട്ടങ്ങളുടെ പട്ടിക ഏറെയുണ്ട്