ക്രൊയേഷ്യ ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഷൂട്ടൗട്ടിൽ ജാപ്പനീസ് പോരാട്ടവീര്യത്തെ ക്രൊയേഷ്യ മറികടന്നത്.
ഷൂട്ടൗട്ടിൽ പോസ്റ്റിനു മുന്നിൽ ഐതിഹാസിക പ്രകടനം പുറത്തെടുത്ത ഗോൾകീപ്പർ ഡൊമിനിക് ലിവാകോവിച്ചാണ് ക്രൊയേഷ്യയെ ക്വാർട്ടറിലേക്ക് നയിച്ചത്.
മുഴുവൻ സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെ വിജയികളെ കണ്ടെത്താൻ ഷൂട്ടൗട്ട് വേണ്ടിവന്നു.
2002, 2010, 2018 ലോകകപ്പുകളുടെ തുടർച്ചയായിട്ടാണ് ഇത്തവണയും ജപ്പാൻ പ്രീക്വാർട്ടറിൽ തോറ്റു പുറത്തായത്.
ജപ്പാനായി ആദ്യപകുതിയിൽ ഡയ്സൻ മയേഡയും (43–ാം മിനിറ്റ്) ക്രൊയേഷ്യയ്‌ക്കായി രണ്ടാം പകുതിയിൽ ഇവാൻ പെരിസിച്ചും (55–ാം മിനിറ്റ്) ഗോൾ നേടിയതോടെയാണ് മത്സരം അധിക സമയത്തേക്കു നീണ്ടത്.
ഷൂട്ടൗട്ടിൽ ജപ്പാൻ താരം ടകുമി മിനാമിനോ, കവോരു മിട്ടോമ, മായ യോഷിദ എന്നിവരുടെ ഷോട്ടുകൾ തടുത്തിട്ടാണ് ലിവാകോവിച്ച് ക്രൊയേഷ്യയുടെ രക്ഷകനായത്.
2018ൽ റഷ്യയിൽ നടന്ന ലോകകപ്പിൽ പ്രീക്വാർട്ടറിലും ക്വാർട്ടറിലും പെനൽറ്റി ഷൂട്ടൗട്ടിലാണ് ക്രൊയേഷ്യ ജയിച്ചത്.