ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ കിരീടനേട്ടത്തിന് ഇരട്ടി തിളക്കം സമ്മാനിച്ച് ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരം ലയണൽ മെസ്സിക്ക്
അർജന്റീനയെ ഫൈനലിലെത്തിച്ച ഐതിഹാസിക പ്രകടനമാണ് താരത്തിന് ഗോൾഡൻ ബോൾ പുരസ്കാരം നേടിക്കൊടുത്തത്. കലാശപ്പോരിൽ ഫ്രാൻസിനെതിരെ മെസ്സി ഇരട്ടഗോളും നേടി.
ഇതോടെ, ലോകകപ്പിന്റെ ചരിത്രത്തിൽ രണ്ടു തവണ ഗോൾഡൻ ബോൾ നേടുന്ന ആദ്യ താരമായി മെസ്സി. അർജന്റീന ഫൈനലിൽ ജർമനിയോടു പരാജയപ്പെട്ട 2014ലെ ലോകകപ്പിലും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ മെസ്സിക്കായിരുന്നു.
വാശിയേറിയ പോരാട്ടത്തിനൊടുവിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരത്തിനുള്ള ഗോൾഡൻ ബൂട്ട് മെസ്സിയെ മറികടന്ന് ഫ്രാൻസിന്റെ കിലിയൻ എംബപെ സ്വന്തമാക്കി. കലാശപ്പോരാട്ടത്തിനു മുൻപ് മെസ്സിയും എംബപെയും അഞ്ച് ഗോളുകൾ വീതം നേടി ഒന്നാം സ്ഥാനത്തായിരുന്നെങ്കിലും, ഫൈനലിൽ ഇരട്ടഗോൾ നേടിയ മെസ്സിയെ ഹാട്രിക് മികവിൽ മറികടന്നാണ് എംബപെയുടെ ഗോൾഡൻ ബൂട്ട് നേട്ടം.
ടൂർണമെന്റിലെ ഏറ്റവും മികച്ച ഗോൾകീപ്പറിനുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരം അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് നേടി. പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട ആവേശപ്പോരാട്ടത്തിൽ കിങ്സ്‌ലി കോമന്റെ കിക്ക് മാർട്ടിനസ് തടഞ്ഞത് നിർണായകമായിരുന്നു.
ടൂർണമെന്റിലെ മികച്ച യുവതാരമായി അർജന്റീനയുടെ തന്നെ എൻസോ ഫെർണാണ്ടസ് തിരഞ്ഞെടുക്കപ്പെട്ടു.