രണ്ടു വൻകരകളിലെ 4 ടീമുകൾ തമ്മിൽ നടന്ന ഇന്റർകോണ്ടിനന്റൽ കപ്പ് ഫുട്ബോൾ ചാംപ്യൻഷിപ്പിൽ ലബനനെ 2–0ന് തകർത്ത് ഇന്ത്യ കിരീടം വീണ്ടും സ്വന്തമാക്കി. ഇന്ത്യയുടെ രണ്ടാം കിരീടമാണിത്. 2018ലെ ആദ്യ ചാംപ്യൻഷിപ്പിൽ ഇന്ത്യയായിരുന്നു ജേതാക്കൾ.
രണ്ടാം പകുതിയിലാണ് ഇന്ത്യയുടെ 2 ഗോളുകളും. 46–ാം മിനിറ്റിൽ ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ് ആദ്യഗോൾ നേടിയത്. ലാലിയൻസുവാല ഛാങ്‌തെയാണ് രണ്ടാം ഗോൾ (65–ാം മിനിറ്റ്) നേടിയത്.
ഛേത്രിയുടെ ആദ്യ ഗോളിനു വഴിയൊരുക്കുകയും രണ്ടാം ഗോൾ നേടുകയും ചെയ്ത മിസോറം താരം ഛാങ്തെയാണ് കളിയിലെ താരം. ഇന്ത്യയുടെ പ്രതിരോധ നായകൻ സന്ദേശ് ജിങ്കാൻ ടൂർണമെന്റിന്റെ താരവുമായി
ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് ഇന്റർ കോണ്ടിനന്റൽ കപ്പ് ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രിക്ക് കൈമാറി. ഇന്ത്യൻ ടീമിന് ഒഡീഷ സർക്കാർ ഒരു കോടി രൂപ നൽകുമെന്ന് ട്രോഫി കൈമാറിയ ശേഷം നവീൻ പട്നായിക് പ്രഖ്യാപിച്ചു.
ഇന്ത്യൻ ജയത്തിനുശേഷം ഭാര്യ സോനം ഭട്ടാചാര്യയെ ക്യാപ്റ്റൻ ആം ബാൻഡു ധരിപ്പിക്കുന്ന സുനിൽ ഛേത്രിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ആം ബാൻഡ് ധരിപ്പിച്ച ശേഷം ഭാര്യയെ ചുംബിക്കുകയും ചെയ്തു
ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടന്ന ഇന്റർ കോണ്ടിനന്റൽ കപ്പ് ഫുട്ബോൾ ഫൈനലിലെ വിജയത്തിനു ശേഷം ഭാര്യ ഇവാന പാവ്‌ലോവയെയും മകൾ ഇലാനയെയും കാണാൻ ഓടിയെത്തിയ ഇന്ത്യൻ ഡിഫൻഡർ സന്ദേശ് ജിങ്കാൻ.