ഏകദിന ലോകകപ്പ് ഫൈനലിനിടെ ‘ഫ്രീ പലസ്തീൻ’ ടീ ഷർട്ട് ധരിച്ച് ഗ്രൗണ്ടിലിറങ്ങിയ ആൾ ഓസ്ട്രേലിയക്കാരൻ
ഓസ്ട്രേലിയയിൽനിന്നുള്ളയാളാണെന്നും ജോൺ എന്നാണു തന്റെ പേരെന്നും പൊലീസ് സ്റ്റേഷനിൽവച്ച് ഇയാൾ പറയുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
വാർത്താ ഏജൻസിയായ എഎൻഐയാണു വിഡിയോ പുറത്തുവിട്ടത്. വിരാട് കോലിയെ കാണാനാണു ഗ്രൗണ്ടിലേക്കു കയറിയതെന്നും പലസ്തീനെ പിന്തുണയ്ക്കുന്നുവെന്നും ഇയാൾ വിഡിയോയിൽ പറയുന്നുണ്ട്.
ഫൈനൽ പോരാട്ടത്തിൽ ഇന്ത്യൻ ബാറ്റിങ്ങിനിടെയാണ് ആരാധകർക്കിടയിൽനിന്ന് ഒരാൾ ഗ്രൗണ്ടിലേക്കു കയറിയത്.
അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ശക്തമായ സുരക്ഷാ സന്നാഹങ്ങൾ മറികടന്നാണ് യുവാവ് ഗ്രൗണ്ടിലേക്കു കടന്നുകയറിയത്. 14–ാം ഓവറിലായിരുന്നു സംഭവം.
ഗ്രൗണ്ടിലെത്തിയ യുവാവ് വിരാട് കോലിയെ കെട്ടിപ്പിടിക്കാൻ ശ്രമിച്ചു.ഈ സമയത്ത് വിരാട് കോലി ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്നത് വിഡിയോയിലുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥർ ഓടിയെത്തിയാണ് ഇയാളെ ഗ്രൗണ്ടിനു പുറത്തെത്തിച്ചത്.