മുൻനിര ബാറ്റർമാർക്കു പിന്നാലെ ബോളർമാരും തിളങ്ങിയതോടെ ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് 44 റൺസിന്റെ തകർപ്പൻ ജയം
ഇന്ത്യ ഉയർത്തിയ 236 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഓസീസ് ഇന്നിങ്സ് 20 ഓവറിൽ 9ന് 191ൽ അവസാനിച്ചു.
25 പന്തില്‍ 45 റൺസ് നേടിയ മാർക്കസ് സ്റ്റോയിനിസാണ് അവരുടെ ടോപ് സ്കോറർ. മത്സരത്തിന്റെ ഒരുഘട്ടത്തിലും മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കാനായതോടെ ഓസീസ് പരാജയം ഏറ്റുവാങ്ങുകയായിരുന്നു.
ജയത്തോടെ ഇന്ത്യ പരമ്പരയിൽ 2–0ന് മുന്നിലായി. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിലെ മൂന്നാം മത്സരം ചൊവ്വാഴ്ച ഗുവാഹത്തിയിൽ നടക്കും.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് സ്കോർ 35ൽ നിൽക്കേ ഓപ്പണർ മാറ്റ് ഷോർട്ടിനെ നഷ്ടമായി.19 റൺസെടുത്ത ഷോർട്ടിനെ രവി ബിഷ്ണോയ് ക്ലീൻ ബോൾഡാക്കി. പിന്നാലെ ജോഷ് ഇംഗ്ലിസിനെ (2) തിലക് വർമയുടെ കൈകളിലെത്തിച്ച് ബിഷ്ണോയ് രണ്ടാമത്തെ പ്രഹരമേൽപ്പിച്ചു.
9ന് 155 എന്ന നിലയിലേക്കു വീണ ഓസീസിനെ അവസാന വിക്കറ്റിൽ തൻവീർ സംഘയെ കൂട്ടുപിടിച്ച് ക്യാപ്റ്റൻ മാത്യു വെയ്ഡ് പോരാട്ടം നടത്തിയെങ്കിലും ജയത്തിലെത്തിക്കാനായില്ല.