സഞ്ജുവിന് സെഞ്ചറി; മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 78 റൺസ് ജയം.

6f87i6nmgm2g1c2j55tsc9m434-list 7teltok12oemh1ddauflp35qqh 1n84n67ajg9v0nul9ua4ms23el-list

സന്തോഷത്തിന് ഇതാ മലയാളത്തിൽ ഒരു പര്യായം – സഞ്ജു സാംസണിന്റെ സെ‍ഞ്ചറി! രാജ്യാന്തര കരിയറിൽ വർഷങ്ങൾ നീണ്ട വേനലിനുശേഷം ഒടുവിൽ സഞ്‍ജു സെഞ്ചറിയുടെ തണലിലേക്കു കയറിനിന്നു; ഒപ്പം കോടിക്കണക്കിന് ആരാധകരും!

പാളിലെ ബോളണ്ട് പാർക്കിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നിർണായകമായ മൂന്നാം ഏകദിനത്തിൽ സെഞ്ചറി തികച്ച് സഞ്ജു (114 പന്തിൽ 108) ‘മസിലു പെരുപ്പിച്ചപ്പോൾ’ പിറന്നത് ചരിത്രം.

രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യയ്ക്കുവേണ്ടി ഒരു കേരള താരത്തിന്റെ ആദ്യ സെഞ്ചറി. സഞ്ജുവിന്റെ സെ‍ഞ്ചറിയുടെ മികവിൽ മത്സരം 78 റൺസിനു ജയിച്ച ഇന്ത്യ പരമ്പര 2–1നു സ്വന്തമാക്കി.

സ്കോർ: ഇന്ത്യ– 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 296. ദക്ഷിണാഫ്രിക്ക– 45.5 ഓവറിൽ 218നു പുറത്ത്. സഞ്ജുവാണ് പ്ലെയർ ഓഫ് ദ് മാച്ച്. സഞ്ജുവിന്റെ ബാറ്റിൽനിന്നു പിറന്ന ഈ സെഞ്ചറി ഒരു കണക്ക് മാത്രമല്ല, കണക്കുതീർക്കൽ കൂടിയാണ്. ദേശീയ ടീമിന് അകത്തോ പുറത്തോ എന്ന അനിശ്ചിത്വത്തിൽ നിരന്തരം കാത്തുനിർത്തിയവർക്കുള്ള മറുപടി.

2015ൽ സിംബാബ്‌വെയ്ക്കെതിരെ ട്വന്റി20 മത്സരത്തിലൂടെ ഇന്ത്യയ്ക്കു വേണ്ടി അരങ്ങേറിയ സഞ്ജുവിന് ഏകദിനത്തിൽ ആദ്യ അവസരം കിട്ടുന്നത് 6 വർഷങ്ങൾക്കു ശേഷം 2021ലാണ്.

മികച്ച ബാറ്റിങ് ശരാശരിയും സ്ട്രൈക്ക് റേറ്റുമായി കിട്ടിയ അവസരങ്ങളിൽ മികവു തെളിയിച്ചിട്ടും പ്രധാന ടൂർണമെന്റുകളിൽ സഞ്ജു പലപ്പോഴും ഇന്ത്യൻ ടീമിനു പുറത്തായി. ഒടുവിൽ തന്റെ 16–ാം ഏകദിന മത്സരത്തിൽ കന്നി സെഞ്ചറിയോടെ ഇരുപത്തൊൻപതുകാരൻ സഞ്ജു വിളിച്ചുപറഞ്ഞു– ഇനിയും ഞാൻ ഇവിടെയുണ്ടാകും!