പോരാട്ടവീര്യം ഷമാറിന്റെ കൂടെപ്പിറപ്പാണ്!

content-mm-mo-web-stories shamars-fast-balls-are-the-key-to-west-indies-success content-mm-mo-web-stories-sports 2d8dagqiivapojv8c8k4tgopa0 4l1t17uc3q7819v6h9vhv815d8 content-mm-mo-web-stories-sports-2024

ഗാബ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ, ജോഷ് ഹെയ്സൽവുഡിന്റെ ഓഫ്സ്റ്റംപ് പിഴുത് മൈതാനത്തിനു പുറത്തേക്ക് ഓടിയ ഷമാർ ജോസഫ് പാഞ്ഞുകയറിയത് ക്രിക്കറ്റ് പ്രേമികളുടെ മുഴുവൻ മനസ്സിലേക്കാണ്

ഓസ്ട്രേലിയ – വെസ്റ്റിൻഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ആതിഥേയരെ മുട്ടുകുത്തിച്ച അദ്ഭുത പ്രകടനമായിരുന്നു, ഇരുപത്തിനാലുകാരൻ ഷമാറിന്റേത്.

എതിരാളികളെ ബഹുമാനിക്കാൻ മടിക്കുന്ന ഓസ്ട്രേലിയക്കാർ പോലും നമിച്ച്, അഭിനന്ദനം ചൊരിഞ്ഞ പ്രകടനം. ബാറ്റിങ്ങിനിടെ മിച്ചൽ സ്റ്റാർക്കിന്റെ യോർക്കറിൽ വലതുകാൽവിരൽ മുറിഞ്ഞ് ചോരയൊലിപ്പിച്ചു റിട്ടയേഡ് ഔട്ടായി മടങ്ങിയ ഷമാറാണ് പിറ്റേന്ന് പരുക്കിൽ പഞ്ഞിവച്ചു തിരികെയെത്തിയത്.

വെറും 11.5 ഓവറിൽ 7 വിക്കറ്റ് നേടിയ ഷമാർ ഓസ്ട്രേലിയൻ തോൽവിയുടെ മുറിവിൽ മുളകു പുരട്ടി. ദിവസക്കൂലിക്കാരനും സെക്യൂരിറ്റി ഗാർഡുമെല്ലാമായി ജീവിതത്തിൽ പല വേഷങ്ങൾ കെട്ടിയ ഷമാറിനെ സംബന്ധിച്ച് ഈ പോരാട്ടവീര്യം കൂടെപ്പിറപ്പാണ്!

ഗയാനയിലെ കുഗ്രാമമായ ബറക്കാറയിൽനിന്നാണ് ഷമാറിന്റെ വരവ്. 2018 വരെ ബ്ലാക്ക് ആൻഡ് വൈറ്റ് ടിവിയും ലാൻഡ് ഫോണും മാത്രം ഉണ്ടായിരുന്ന നാട്.

ഷമാറിന്റെ കുടുംബത്തിന് ഗ്രാമത്തിലെ എല്ലാവരെയും പോലെ തടി ബിസിനസായിരുന്നു. ഒരിക്കൽ മരം മുറിക്കുന്നതിനിടെ തടി ദേഹത്തു വീഴാതെ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. അതോടെ, നാടുവിട്ട് മറ്റൊരു ജോലി തേടാൻ ഷമാർ തീരുമാനിച്ചു.

പോർട്ട് സിറ്റിയായ ന്യൂആംസ്റ്റർഡാമിൽ കൺസ്ട്രക്‌ഷൻ തൊഴിലാളിയായും സെക്യൂരിറ്റി ഗാർഡായും ജോലിനോക്കി. ഒടുവിൽ, ക്രിക്കറ്റിനായി ഈ ജോലികൾ ഉപേക്ഷിക്കുകയായിരുന്നു.

അഡ്‌ലെയ്ഡിലെ ആദ്യ ടെസ്റ്റിലാണ് ഷമാറിന്റെ അരങ്ങേറ്റം. ആദ്യ പന്തിൽ തന്നെ സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റെടുത്ത് അവിസ്മരണീയ തുടക്കം.

ആദ്യ ഇന്നിങ്സിൽ 5 വിക്കറ്റ്. മത്സരം ഇന്നിങ്സിനു തോറ്റതോടെ വിൻഡീസിനെ പലരും എഴുതിത്തള്ളി. ഗാബയിലെ പിങ്ക് ബോൾ ടെസ്റ്റിലും ഓസ്ട്രേലിയ ജയിച്ചു കയറുമെന്ന ഘട്ടത്തിലാണ് കാമറൂൺ ഗ്രീനിന്റെയും ട്രാവിസ് ഹെഡിന്റെയും വിക്കറ്റ് വീഴ്ത്തി ഷമാർ കളി തിരിച്ചത്.