അവസാന ഓവറിൽ മൂന്ന് സിക്സറുകൾ പറത്തിയിട്ടും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ രക്ഷിക്കാൻ കരൺ ശർമയ്ക്കു സാധിച്ചില്ല..
അവസാന പന്തിൽ കളി കൈവിട്ട ആർസിബി സീസണിലെ ഏഴാം തോൽവിയാണു ഈഡൻ ഗാർഡൻസിൽ വഴങ്ങിയത്.
ബെംഗളൂരുവിനെ ഒരു റണ്ണിന് തോൽപിച്ച്, അഞ്ചാം വിജയം നേടിയ കൊൽക്കത്ത പട്ടികയിൽ രണ്ടാമതാണ്.
മറുപടി ബാറ്റിങ്ങിൽ ആർസിബിക്കായി വിൽ ജാക്സ് (32 പന്തിൽ 55), രജത് പട്ടീദാർ (23 പന്തിൽ 52) എന്നിവർ അർധ സെഞ്ചറി നേടി.
ബാറ്റിങ് തുടങ്ങി അധികം വൈകുംമുന്‍പേ ബെംഗളൂരുവിന് വിരാട് കോലിയെയും (18) ക്യാപ്റ്റൻ ഡുപ്ലേസിയെയും (ഏഴ് റൺസ്) നഷ്ടമായിരുന്നു.
അര്‍ധ സെഞ്ചറിയുമായി വിൽ ജാക്സും രജത് പട്ടീദാറും ആർസിബിയെ തോളിലേറ്റി. അഞ്ചു വീതം സിക്സുകളാണ് ഇരുവരും ചേർന്ന് ഈഡൻ ഗാർഡൻസിൽ അടിച്ചുകൂട്ടിയത്.
12–ാം ഓവറിൽ ഇരുവരെയും പുറത്താക്കി ആന്ദ്രെ റസ്സൽ കൊൽക്കത്തയെ മത്സരത്തിലേക്കു തിരികെയെത്തിച്ചു.
അവസാന പന്തിൽ ബെംഗളൂരുവിന് വേണ്ടത് മൂന്ന് റൺസ്. ലോക്കി ഫെർഗൂസൻ നേരിട്ട പന്തിൽ ഡബിൾ ഓടിയെടുക്കാൻ ശ്രമിച്ചെങ്കിലും റൺഔട്ടായി. കൊൽക്കത്തയ്ക്ക് ഒരു റൺ വിജയം.