അവസാനപന്തു വരെ ആവേശം നീണ്ടുനിന്ന ത്രില്ലർ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് കിടിലൻ ജയം..
202 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന്റെ പോരാട്ടം രണ്ടു റൺസകലെ 200 റൺസിൽ അവസാനിച്ചു.
ഹൈദരാബാദിന് ഒരു റൺസിന്റെ ത്രസിപ്പിക്കുന്ന ജയം.
ആദ്യ ഓവറിലും അവസാന ഓവറിലും നിർണായക വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വർ കുമാറാണ് രാജസ്ഥാനിൽനിന്നും വിജയം തട്ടിയെടുത്തത്.
അവസാന ഓവറിൽ, 13 റൺസായിരുന്നു രാജസ്ഥാന് ജയിക്കാൻ വേണ്ടിയിരുന്നത്.
റോവ്‌മൻ പവൽ (15 പന്തിൽ 27), ആർ.അശ്വിൻ (2 പന്തിൽ 2*) എന്നിവർ ക്രീസിൽ. ആദ്യ പന്തിൽ സിംഗിളെടുത്ത അശ്വിൻ, സ്ട്രൈക്ക് പവലിനു കൈമാറി.
രണ്ടാം പന്തിൽ ഡബിളെടുത്ത പവൽ, മൂന്നാം പന്ത് ബൗണ്ടറി കടത്തി. അടുത്ത രണ്ടു പന്തിൽ വീണ്ടും ഡബിൾ വീതം. അവസാന ഓവറിൽ വേണ്ടത് രണ്ടു റൺസ്.
ഭുവനേശ്വർ എറിഞ്ഞ ഫുൾ ടോസ് പന്ത് പവലിനെ വിക്കറ്റിനു മുന്നിൽ കുരുക്കി. എൽബിഡബ്യുയായി പവൽ പുറത്തായതോടെ ഹൈദരാബാദിന് ഒരു റൺസിന്റെ ജയം.
ഇതോടെ നാല് മത്സരങ്ങൾ തുടർച്ചയായി ജയിച്ച രാജസ്ഥാന്റെ വിജയക്കുതിപ്പിനും അന്ത്യമായി.