പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായിരുന്ന പഞ്ചാബ് കിങ്സിനോടും തോറ്റ് ഇന്ത്യൻ പ്രിമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ്.
ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് പഞ്ചാബ് കിങ്സ് രാജസ്ഥാനെ തോൽപ്പിച്ചത്.
മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 144 റൺസ്.
ഏഴു പന്തും അഞ്ച് വിക്കറ്റും ബാക്കിയാക്കി പഞ്ചാബ് വിജത്തിലെത്തി. ഈ സീസണിൽ രാജസ്ഥാന്റെ തുടർച്ചയായ നാലാം തോൽവിയാണിത്. ആദ്യ ഒൻപത് മത്സരങ്ങളിൽ ഒറ്റ മത്സരം തോറ്റ ശേഷമാണ് രാജസ്ഥാന്റെ പതനം.
ബാറ്റിങ് ദുഷ്കരമായ പിച്ചിൽ പൊരുതി നേടിയ അർധസെഞ്ചറിയുമായി മുന്നിൽനിന്ന് നയിച്ച ക്യാപ്റ്റൻ സാം കറനാണ് പഞ്ചാബിന്റെ വിജയശിൽപി.
സാം കറൻ 41 പന്തിൽ അഞ്ച് ഫോറും മൂന്നു സിക്സും സഹിതം 63 റൺസുമായി പുറത്താകാതെ നിന്നു.
കറനു പുറമേ ജിതേഷ് ശർമ (20 പന്തിൽ രണ്ടു സിക്സുകൾ സഹിതം 22), റൈലി റൂസോ (13 പന്തിൽ അഞ്ച് ഫോറുകളോടെ 22) എന്നിവരുടെ ഇന്നിങ്സുകളും പഞ്ചാബിന്റെ വിജയത്തിൽ നിർണായകമായി.
അശുതോഷ് ശർമ 11 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 17 റൺസുമായി സാം കറനൊപ്പം പുറത്താകാതെ നിന്നു.