നിലവിലെ ചാംപ്യൻമാരായ ചെന്നൈയെ 27 റൺസിന് തോൽപിച്ച് ഐപിഎൽ 17–ാം സീസണിന്റെ പ്ലേഓഫിലേക്ക് ബെംഗളൂരുവിന്റെ റോയൽ എൻട്രി
ബെംഗളൂരു ഉയർത്തിയ 219 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക്, ജയിച്ചില്ലെങ്കിലും 201 റൺസ് നേടിയാൽ നെറ്റ് റൺറേറ്റിന്റെ ബലത്തിൽ പ്ലേഓഫിൽ കടക്കാമായിരുന്നു.
മത്സരത്തിന്റെ അവസാന ഓവറിലെത്തിയപ്പോൾ പ്ലേഓഫ് ഉറപ്പിക്കാൻ 17 റൺസായിരുന്നു ചെന്നൈയ്ക്ക് വേണ്ടിയിരുന്നത്.
യഷ് ദയാൽ എറിഞ്ഞ 20–ാം ഓവറിലെ ആദ്യ പന്തിൽ എം.എസ്.ധോണിയുടെ പടുകൂറ്റൻ സിക്സ്. ചെന്നൈ ക്യാംപിൽ ആരവം. എന്നാൽ അടുത്ത പന്തിൽ ധോണി ഔട്ട്.
അടുത്ത രണ്ടു പന്തുകളിൽ നിന്ന് ഷാർദൂൽ ഠാക്കൂറിന് നേടാനായത് ഒരു റൺസ് മാത്രം.
അവസാന രണ്ട് പന്തിൽ വേണ്ടത് 10 റൺസ്. സ്ട്രൈക്കിൽ രവീന്ദ്ര ജഡേജ.
എന്നാൽ ദയാലിന്റെ മനോഹരമായ രണ്ട് ബാക്ക് ഓഫ് ദ് ഹാൻഡ് പന്തുകൾ ജഡേജയെ മറികടന്ന് കീപ്പറുടെ കയ്യിലേക്ക്.
പ്ലേഓഫ് കടമ്പയുടെ 10 റൺസ് അകലെ ചെന്നൈയ്ക്ക് മോഹഭംഗം. ബെംഗളൂരുവിന് വിജയാഘോഷം. സ്കോർ: ബെംഗളൂരു 20 ഓവറിൽ 5ന് 218. ചെന്നൈ 20 ഓവറിൽ 7ന് 191.