രാജ്യാന്തര ട്വന്റി20യിൽ പവർപ്ലേയിൽ ഒരു ടീമിന്റെ ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോർഡുമായി ക്രിക്കറ്റിലെ കുഞ്ഞൻമാരായ സ്കോട്‌ലൻഡിനെ ചാരമാക്കി ഓസ്ട്രേലിയ.
ആറ് ഓവറിൽ 113 റൺസ് അടിച്ചുകൂട്ടിയാണ്, രാജ്യാന്തര ക്രിക്കറ്റിലും പവർപ്ലേ ഓവറുകളിലെ ബാറ്റിങ് വിസ്ഫോടനത്തിന് ഓസീസ് പുതിയ മാനം നൽകിയത്.
ഓസീസിന്റെ ബാറ്റിങ് ആറാട്ടിന് നേതൃത്വം നൽകിയ ഓപ്പണർ ട്രാവിസ് ഹെഡും റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചു.
ആദ്യ ആറ് ഓവറിൽ 22 പന്തിൽനിന്ന് 73 റൺസടിച്ച ഹെഡ്, പവർപ്ലേയിൽ ഒരു താരത്തിന്റെ ഉയർന്ന വ്യക്തിഗത സ്കോറെന്ന റെക്കോർഡാണ് സ്വന്തമാക്കിയത്.
17 പന്തിൽ അർധസെഞ്ചറി പൂർത്തിയാക്കിയ ഹെഡ്, രാജ്യാന്തര ട്വന്റി20യിൽ ഒരു ഓസീസ് താരത്തിന്റെ വേഗമേറിയ അർധസെഞ്ചറി എന്ന റെക്കോർഡിന് ഒപ്പമെത്തുകയും ചെയ്തു.
ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സ്കോട്‌ലൻഡ് നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 154 റൺസ്.
ട്രാവിസ് ഹെഡും ക്യാപ്റ്റൻ മിച്ചൽ മാർഷും ജോഷ് ഇംഗ്‌സിലും ചേർന്ന് അനായാസ വിജയം സമ്മാനിച്ചു. 62 പന്തും ഏഴു വിക്കറ്റും ബാക്കിയാക്കിയാണ് ഓസീസ് വിജയലക്ഷ്യം മറികടന്നത്.