ആദ്യം ബോൾ ചെയ്യുമ്പോൾ മാത്രമല്ല, ആദ്യം ബാറ്റു ചെയ്താലും ഈ ബംഗ്ലദേശ് ടീം തങ്ങൾക്കൊത്ത എതിരാളികളല്ലെന്ന് ഇന്ത്യൻ ടീം തെളിയിച്ചു,
മഞ്ഞുവീണാൽ നനവുള്ള പന്തുമായി ഇന്ത്യൻ ബോളർമാർ എങ്ങനെ കളിക്കുമെന്ന് തെളിയിക്കാൻ ലഭിച്ച അവസരം ടീം ഇരു കയ്യും നീട്ടി സ്വീകരിച്ചതോടെ, തുടർച്ചയായ രണ്ടാം ട്വന്റി20 മത്സരത്തിലും ഇന്ത്യയ്ക്ക് തകർപ്പൻ ജയം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങി ഇന്ത്യ നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ അടിച്ചെടുത്തത് 221 റൺസ്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശിനെ 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 135 റൺസിൽ ഒതുക്കിയ ഇന്ത്യ, 86 റൺസിന്റെ കൂറ്റൻ വിജയമാണ് സ്വന്തമാക്കിയത്.
ഇതോടെ, മൂന്നു മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ 2–0ന് ലീഡെടുത്ത് ഇന്ത്യ പരമ്പര ഉറപ്പാക്കി.
74 റൺസും രണ്ടു വിക്കറ്റുമായി തകർപ്പൻ ഓൾറൗണ്ട് പ്രകടനം കാഴ്ചവച്ച നിതീഷ് റെഡ്ഡിയാണ് കളിയിലെ കേമൻ.