ഇന്ത്യ ഉയർത്തിയ 162 റൺസിന്റെ വിജയലക്ഷ്യം, 27 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ഓസീസ് മറികടന്നു.
ഓസീസിന്റെ രണ്ടാം ഇന്നിങ്സിൽ ബുമ്രയ്ക്ക് പന്തെറിയാനാകാത്തതിന്റെ നിരാശകൾക്ക് ആക്കം കൂട്ടിയാണ്, സിഡ്നി ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ തോൽവി വഴങ്ങിയത്.
സ്കോർ ബോർഡ് മാത്രം നോക്കിയാൽ ഓസീസ് അനായാസം ജയിച്ചുകയറിയെന്നു തോന്നുമെങ്കിലും, 58 റൺസിനിടെ ഓസീസിന്റെ മൂന്നും 104 റൺസിനിടെ നാലും വിക്കറ്റ് വീഴ്ത്തി സമ്മർദ്ദം ചെലുത്തിയാണ് ഇന്ത്യയുടെ കീഴടങ്ങൽ.
സ്കോർ: ഇന്ത്യ – 185 & 157, ഓസ്ട്രേലിയ – 181 & 162/4. മത്സരത്തിലാകെ 10 വിക്കറ്റെടുത്ത സ്കോട് ബോളണ്ടാണ് കളിയിലെ കേമൻ.
ജസ്പ്രീത് ബുമ്ര പരമ്പരയുടെ താരമായി.ഇതോടെ, ഒരു പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പിനു ശേഷം ബോർഡർ –ഗാവസ്കർ ട്രോഫി ഓസ്ട്രേലിയയുടെ ഷെൽഫിലെത്തി.
അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയിൽ 3–1നാണ് ഓസീസിന്റെ വിജയം.
അതിലുപരി, ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ ഈ വർഷം ജൂണിൽ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെ നേരിടുമെന്നും ഉറപ്പായി.
സിഡ്നി ടെസ്റ്റിൽ ജയിച്ചാൽ മാത്രം ഫൈനൽ കളിക്കാൻ ഇന്ത്യയ്‌ക്കുണ്ടായിരുന്ന നേരിയ സാധ്യത, മത്സരം തോറ്റതോടെ അവസാനിച്ചു