ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ ഒന്നാം സ്ഥാനക്കാരായ ലിവർപൂളിനെതിരെ തകർപ്പൻ പ്രകടനവുമായി സമനില സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്.
തുടർ തോൽവികളുമായി പരിശീലകൻ റൂബൻ അമോറിം കടുത്ത വിമർശനങ്ങൾ നേരിടുന്നതിനിടെയാണ്, ലിവർപൂളിനെതിരെ ടീം കടുത്ത പോരാട്ടം കാഴ്ചവച്ച് 2–2ന് സമനില നേടിയത്.
മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് നാലു ഗോളുകളും പിറന്നത്. ലീഡ് നേടിയ ശേഷം അതു കൈവിട്ട് പിന്നീട് ലീഡ് വഴങ്ങുകയും ചെയ്ത ശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സമനില സ്വന്തമാക്കിയത്.
ഇതോടെ 1979നു ശേഷം ലീഗിൽ ആദ്യമായി നാലു തുടർ തോൽവികളെന്ന നാണക്കേടും മാഞ്ചസ്റ്റർ യുണൈറ്റഡ് ഒഴിവാക്കി.
ഗോളൊഴിഞ്ഞ ആദ്യ പകുതിക്കു ശേഷം 52–ാം മിനിറ്റിൽ ലിസാൻഡ്രോ മാർട്ടിനസിന്റെ ഗോളിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡു നേടിയത്.
ഏഴു മിനിറ്റിനുള്ളിൽ കോഡി ഗാക്പോയുടെ ഗോളിലൂടെ ലിവർപൂൾ തിരിച്ചടിച്ചു. ഇതിനു പിന്നാലെ 70–ാം മിനിറ്റിൽ മാത്തിസ് ഡിലൈറ്റിന്റെ ഹാൻഡ്ബോളിൽ ലഭിച്ച പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച് മുഹമ്മദ് സലാ ലിവർപൂളിന് ലീഡ് നൽകി. ഇതോടെ 175 പ്രീമിയർ ലീഗ് ഗോളുകളെന്ന തിയറി ഹെൻറിയുടെ റെക്കോർഡിനൊപ്പമെത്തി സലാ.
തുടരെ നാലാം തോൽവിയിലേക്കാണ് ടീമിന്റെ കുതിപ്പെന്ന് ആരാധകർ ആശങ്കപ്പെടുന്നതിനിടെ, അമാദ് ഡയാലോയുടെ തകർപ്പൻ ഗോളിൽ യുണൈറ്റഡ് സമനില പിടിച്ചു. അവസാന നിമിഷം ലഭിച്ച അവസരം ഹാരി മഗ്വയർ പുറത്തേക്ക് അടിച്ച് കളഞ്ഞതോടെ ‘സമനില തെറ്റാതെ’ ഇരു ടീമുകൾക്കും മടക്കം.
സമനില നേടിയെങ്കിലും 20 കളികളിൽനിന്ന് ആറു ജയവും അഞ്ച് സമനിലയിലും സഹിതം 23 പോയിന്റുമായി യുണൈറ്റഡ് 13–ാം സ്ഥാനത്താണ്. സീസണിലെ നാലാം സമനില വഴങ്ങിയ ലിവർപൂൾ 46 പോയിന്റുമായി ഒന്നാം സ്ഥാനത്ത് ആറു പോയിന്റിന്റെ ലീഡുമായി മുന്നേറുന്നു