ഇന്ത്യൻ പ്രീമീയർ ലീഗില്‍ ഗുജറാത്ത് ടൈറ്റൻസിന്റെ വിജയക്കുതിപ്പിനു തടയിടാൻ രാജസ്ഥാൻ റോയൽസിനും ക്യാപ്റ്റൻ സഞ്ജു സാംസണും സാധിച്ചില്ല.
ഫലം അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഗുജറാത്തിന് 58 റൺസ് വിജയം. ഗുജറാത്ത് ഉയർത്തിയ 218 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന്‍ 19.2 ഓവറില്‍ 159 റണ്‍സെടുത്തു പുറത്തായി.
മറുപടി ബാറ്റിങ്ങിൽ അർധ സെഞ്ചറി നേടിയ ഷിമ്രോൺ ഹെറ്റ്മിയറും ക്യാപ്റ്റൻ സഞ്ജു സാംസണും മാത്രമാണു രാജസ്ഥാനു വേണ്ടി പൊരുതിനിന്നത്. 32 പന്തുകൾ നേരിട്ട ഹെറ്റ്മിയർ 52 റൺസെടുത്തു പുറത്തായി. ക്യാപ്റ്റൻ സഞ്ജു സാംസൺ 28 പന്തിൽ 41 റൺസെടുത്തു.
ഇവർക്കു പുറമേ 26 റൺസെടുത്ത റിയാൻ പരാഗിനെയും മാറ്റിനിർത്തിയാൽ രാജസ്ഥാന്റെ മറ്റു ബാറ്റർമാര്‍ക്കു രണ്ടക്കം കടക്കാൻ പോലും സാധിച്ചില്ല. 12 റൺസെടുക്കുന്നതിനിടെ ഓപ്പണർ യശസ്വി ജയ്സ്വാളിനെയും (ആറ്), നിതീഷ് റാണയെയും നഷ്ടമായ രാജസ്ഥാന് കരുത്തുറ്റൊരു ബാറ്റിങ് നിരയില്ലാത്തതിന്റെ തെളിവായിരുന്നു ഈ മത്സരം.
ചേസിങ്ങിലെ സമ്മർദം അതിജീവിക്കാൻ രാജസ്ഥാന്റെ യുവതാരങ്ങൾക്കു കഴിഞ്ഞില്ല. 68 റൺസെടുക്കുന്നതിനിടെ രാജസ്ഥാനു നാലു മുന്‍നിര വിക്കറ്റുകൾ നഷ്ടമായിരുന്നു. സഞ്ജുവും ഹെറ്റ്മിയറും കൈകോർത്തതോടെ 11 ഓവറിൽ സ്കോർ 100 പിന്നിട്ടിരുന്നു. മുൻ രാജസ്ഥാന്‍ താരം പ്രസിദ്ധ് കൃഷ്ണയാണ് 13–ാം ഓവറില്‍ സഞ്ജുവിനെ സായ് കിഷോറിന്റെ കൈകളിലെത്തിച്ചത്.
ഇംപാക്ട് സബ്ബായി ഇറങ്ങിയ ശുഭം ദുബെ ഒരു ഇംപാക്ടുമില്ലാതെ മടങ്ങിയത് ഗുജറാത്തിനു കാര്യങ്ങൾ എളുപ്പമാക്കി. ഒരു റണ്ണെടുത്ത താരത്തെ റാഷിദ് ഖാൻ എൽബിഡബ്ല്യുവിൽ കുടുക്കുകയായിരുന്നു.
16–ാം ഓവറിൽ ഹെറ്റ്മിയർ പുറത്തായതോടെ രാജസ്ഥാൻ തോൽവി ഉറപ്പിച്ചു. വാലറ്റം വലിയ പ്രതിരോധങ്ങളില്ലാതെ കീഴടങ്ങി. ഗുജറാത്തിനായി ഇന്ത്യൻ പേസർ പ്രസിദ്ധ് കൃഷ്ണ മൂന്നും റാഷിദ് ഖാൻ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.ഐപിഎൽ ഒഴിവാക്കി
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 217 റൺസെടുക്കുകയായിരുന്നു, അർധ സെഞ്ചറി നേടിയ ഓപ്പണര്‍ സായ് സുദർശന്റെ ഇന്നിങ്സാണ് ഗുജറാത്തിനെ സുരക്ഷിതമായ സ്കോറിലെത്തിച്ചത്.